Boxbe

Friday, July 4, 2014

കവിതാമാധുരി.2

കൈത്തിരി കൊളുത്താം.

പഴയ വേദാന്തപ്പൊളിയെടുത്തേകനായ്
കവിത കുറിക്കാനിരിക്കുമ്പോള്‍
അരികിലേക്കണയുന്ന കാവ്യഭാവങ്ങളെന്‍
കരളിലൊരു തിരി കൊളുത്തുന്നു

കൈത്തിരി പടര്‍ത്തുന്ന ജ്വാലയില്‍ ജീവിതം
കവിതയായ് തെളിയുന്നു മുന്നില്‍
ഇതിലെവിടെ വേദാന്തം,ഇരുളും ദുരന്തവും
ഇടവിട്ടു മുന്നില്‍ നില്‍ക്കുന്നു

ദുരമൂത്ത വ്യാധന്റെ ശരമുന മുറിവേല്‍പ്പിക്കെ
ഉതിരുന്നു രോദനം ദീനം
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നങ്ങള്‍ , മോഹങ്ങള്‍
കരളിന്‍ വിശുദ്ധിയുമൊക്കെ
മുറിവേറ്റു വീണിതാ കേഴുന്നു,കേള്‍ക്കുവാന്‍
ഇരുള്‍മാത്രമുണ്ടവള്‍ക്കരികില്‍

ഒരു പിഞ്ചുപൂവതിന്നിതളുകളുടഞ്ഞിട്ടു
നിണമണിഞ്ഞയ്യോ കിടപ്പൂ
തുണയായവള്‍ക്കരികിലെരിയുന്ന മാതൃമനം
ഇടറുന്നു,പുല്‍കുന്നു മൌനം

പതി ധനമോഹം‌പെരുത്തു തന്‍പത്നിയേ
പതിതയാക്കുന്നു,വില്‍ക്കുന്നു
പതിവായി വേട്ടനടത്തുവാന്‍ പൂക്കളില്‍
പതിയെയെത്തുന്നവന്‍ വീണ്ടും
ചരിതമാവര്‍ത്തിക്കുന്നു, സ്ത്രീത്വം തെരുവിലായ്
പരിദേവനം ചെയ്തു നില്‍പ്പൂ

ഇരുള്‍മേഘക്കീറിലേ ഒളിയായുണര്‍ന്നിടാന്‍
ഇനി വൈകിയാല്‍ ഫലം ദുഷ്ടം
പഴയവേദാന്തങ്ങള്‍ ചുട്ടെരിച്ചീടുക
അബലയാകൊല്ല നീ പാരില്‍

എരിയുന്നിതെന്‍ കരളിലൊരു ചെറിയ കൈത്തിരി
അതില്‍ നിന്നൊരുക്കു തീപ്പന്തം
പുതിയൊരദ്ധ്യായം രചിക്കണം കൈകളില്‍
ചുണയോടെ ചേര്‍ക്ക തീപ്പന്തം

എരിയട്ടെ പീഡനപര്‍വ്വമതോടൊപ്പം
എരിയട്ടേ വ്യാധമോഹങ്ങള്‍
ഇരകളായീടൊല്ല,നിങ്ങളൊന്നിക്കണം
പൊരുതണം ശക്തിയോടെന്നും

അതിനായ് സഹോദരിമാരേ കരത്തിലായ് 
കരുതുകീ കത്തുന്ന പന്തം
അതിലുറ്റ ശക്തിപകര്‍ത്താന്‍ തെളിഞ്ഞ കൈ-
ത്തിരികളായെത്തിടാം ഞങ്ങള്‍
ഒരു നവശക്തി പടുത്തുയര്‍ത്താം
നമുക്കണിചേര്‍ന്നിടാം, അടരാടാം.

******************************

എന്നിലേക്കുള്ള ദൂരം.

എന്നില്‍ നിന്നെനിക്കുള്ള ദൂരമിന്നളന്നു ഞാന്‍ 
എന്നിലേക്കൊരു നോക്കു നോക്കി ഞാനിരിക്കുന്നു
എന്നിലേ കവിഭാവംകൊണ്ടു ഞാനളക്കുമ്പോള്‍
മുന്നിലായ് തെളിയുന്നെന്‍ ശുദ്ധശൂന്യത പൂര്‍ണ്ണം

അര്‍ത്ഥശൂന്യമാം എന്റെ ജീവിതനിമിഷങ്ങള്‍
അര്‍ത്ഥപൂര്‍ണ്ണമായ് മാറ്റും മാന്ത്രികന്‍ കവിത താന്‍
ജീവിതദുഃഖങ്ങളെന്‍ നെഞ്ചിലിന്നെരിയുമ്പോള്‍
ശീതമായ് തലോടുന്ന മാതാവും കവിതയാം

സ്വപ്നയാനത്തില്‍ ചക്രവാളസീമകള്‍ പുല്‍കാന്‍
പക്ഷങ്ങള്‍ വിടര്‍ത്തുന്ന ശക്തിയെന്‍ കവിത താന്‍
മായികലോകത്തിന്റെ സൌമ്യവാടങ്ങള്‍ തേടി
യോജനതാണ്ടും തീര്‍ത്ഥയാത്രികന്‍ കവി മാത്രം

സുന്ദരസങ്കല്പങ്ങളന്തികത്തെത്തി നേര്‍ത്ത-
പുഞ്ചിരിപൊഴിക്കുമ്പോള്‍ തുള്ളുന്നു കവിമനം
പോയകാലത്തിന്‍ രമ്യഭാവങ്ങള്‍,വിചാരങ്ങള്‍
മേയുന്ന മായാഭ്രമം തീര്‍പ്പതും കവിത താന്‍

വൃത്തഭംഗങ്ങള്‍ക്കുള്ളില്‍ താളത്തെയൊളിപ്പിക്കും
വൃത്തി നൈപുണിയാക്കും ജ്ഞാനമീ കവിമാര്‍ഗ്ഗം
മൂര്‍ത്തഭാവന മെല്ലേ വര്‍ണ്ണങ്ങള്‍ വിതറുമ്പോള്‍
സ്വച്ഛമുല്ലസിക്കുന്ന ഭാവവും കവിഭാവം

കവിതേ,നീയീവണ്ണമെണ്ണിയാലൊടുങ്ങാത്ത
വിവിധം രൂപങ്ങളില്‍,ഭാവസൌന്ദര്യങ്ങളില്‍
തെളിയും നേരം കൈകള്‍കൂപ്പി ഞാനടുക്കുമ്പോള്‍
പിടി തന്നീടാതെങ്ങോ മാറി നീ മറയുന്നു

എങ്കിലും ഞാനെന്‍ വര്‍ണ്ണജാലകപ്പഴുതിലൂ-
ടെന്നുമേ കാണുന്നെന്റെ കാവ്യസങ്കല്പങ്ങള്‍ നീളേ
നിന്നുടെ വര്‍ണ്ണം കാണ്‍കേയിന്നു ഞാനറിയുന്നൂ 
എന്നില്‍ നിന്നെനിക്കുള്ള ദൂരമെന്‍ കവിത താന്‍ ‍.

**************************************************

കാവ്യജീവിതം.
                
കാലങ്ങളായ് ഈ ചോദ്യം മൌനമായ് മനസ്സിന്റെ
കോണിലായിരിക്കുന്നുണ്ടുത്തരം തേടിത്തേടി
വ്യര്‍ത്ഥമോ സാര്‍ത്ഥം താനോ മൂകമോ മുഖരമോ
മര്‍ത്ത്യജീവിതം നമ്മേ മുന്‍‌നയിക്കുന്നൂ മന്നില്‍

പോയകാലങ്ങള്‍ നല്‍കില്ലുത്തരം വൃഥാ നമ്മള്‍
ഭാവിയില്‍ നോക്കികാലം കഴിച്ചാലതും വ്യര്‍ത്ഥം
സാഗരത്തിരപോലേ പൊന്തുന്ന വൈവിദ്ധ്യമാം
ഭാവങ്ങളോരോന്നായി വന്നുലയ്ക്കുന്നൂ നമ്മേ

ഓരോരോ തിരപൊന്തും നേരത്തു വൈരുദ്ധ്യങ്ങള്‍
ദുഃഖമായശാന്തിയായ് ശാന്തിയായ് സുഖമായും
വന്നടുക്കുമ്പോള്‍ നമ്മളവയില്‍കിടന്നാടി
ചിന്തയാലുഴലുന്നൂ സത്യമെന്തറിയാതേ

പൂര്‍വ്വസൂരികള്‍ ചൊല്ലീ സുഖവും ദുഃഖങ്ങളും
മായികഭ്രമത്തിന്റെ ദ്വൈതഭാവങ്ങള്‍ മാത്രം
എങ്കിലീ ദ്വൈതത്തിനേയദ്വൈതമായിക്കാണ്മൂ
കാമ്യമാം കാവ്യംതന്റെ ഭാവനാസരിത്തുകള്‍

പോയകാലത്തിന്‍ ദുഃഖഭൂമിയിലനാഥമായ്
പേ പിടിച്ചലഞ്ഞീടില്‍ വ്യര്‍ത്ഥമാം നരജന്മം
നാളേക്കു നല്‍കാനായിട്ടൊന്നുമില്ലെന്നോര്‍ത്തു 
നാളുകള്‍ കഴിച്ചാലും നേട്ടമാവില്ലാ തെല്ലും

ഭാവന പദം വെയ്ക്കും പാതകള്‍ സന്തോഷത്തിന്‍ 
ചാലുകള്‍ തെളിയിക്കും മാര്‍ഗ്ഗമീ കവിമാര്‍ഗ്ഗം
പോയൊരിന്നലെകളേ വിട്ടേയ്ക്കു,നാളേയ്ക്കായി
ഇന്നു നാം ഭ്രമിക്കണോ,യിന്നില്‍ നാം ജീവിക്കണം

ഭൂതഭാവികള്‍ ഭൂതമായ് മുന്നിലലറുമ്പോള്‍
ഹ്ലാദമായ് കഴിയാനായിന്നു നില്‍ക്കുന്നൂ മുന്നില്‍
ഇന്നിലേ സന്തോഷത്തിന്നൂഷ്മളദളങ്ങളില്‍
നമ്മളു ല്ലസിക്കേണമെങ്കിലോ ധന്യം ജന്മം

നാളെയും മൃതമായോരിന്നലെകളും നമ്മേ
ആയാസപ്പെടുത്തില്ലാ കാവ്യവീഥിയില്‍ നില്‍ക്കേ
നിസ്സംഗ,പരിത്യാഗഭാവങ്ങള്‍, ഭൂതം, ഭാവി
ഒക്കെയും മറക്ക നാം,വര്‍ത്തമാനത്തെ പുല്‍കാം

കാവ്യസംഗമം വര്‍ത്തമാനകാലത്തില്‍ ലയി-
ച്ചാകിലോ മഹാഭാഗ്യം ,സൌഖ്യമാണതിന്‍ ഫലം
ഇന്നിലേ സൌഭാഗ്യങ്ങള്‍ ഈ മന്നിലൊരുവനും
പിന്നീടു ലഭിച്ചീടാനില്ലയെന്നതും സത്യം

ചിന്ത തന്നമൂര്‍ത്തമാം രാഗഭാവങ്ങള്‍ മെല്ലേ
ചിന്തുന്ന ലയതാളം പുല്‍കിയിന്നുണരുമ്പോള്‍
ഞാനറിയാതെയേതോ ശാദ്വലതീരങ്ങളില്‍
മായികമായെന്‍ സ്പന്ദം ധന്യമായലയുന്നു

പൂക്കളും പുഴകളും പൂണാരം ചൊല്ലും കാറ്റും
പൂനിലാവൊളിചൂടും പാടവും മേടും തോടും
കുങ്കുമച്ഛവി ചിന്നും സാന്ധ്യമേഘവും രാവും
പച്ചനീരാളം നീളേ വെച്ചെഴും തൊടികളും

പിച്ചവെച്ചീടും പിഞ്ചുപാദപാതനങ്ങളും
കൊഞ്ചിടും മൊഴികളും കൊച്ചരിപ്പല്ലിന്‍ ചേലും
പൂക്കളില്‍ ഭ്രമം‌പൂണ്ടു മണ്ടിടും ഭ്രമരത്തിന്‍
പാട്ടുമിന്നുണര്‍ത്തുന്നിതെന്നുടെ കവിഭാവം

എന്നതാല്‍ ദുഃഖത്തിന്റെയോളത്തില്‍ മുങ്ങിപ്പൊങ്ങി
ഖിന്നനായ് കഴിയാനാവില്ലെനിക്കൊരു നാളും
സൌന്ദര്യസങ്കല്പങ്ങളീവണ്ണമാവോളവും
ചി ന്തയില്‍ നിറയുമ്പോള്‍ കാവ്യഭാവന മിന്നും

ഭാസുരസങ്കല്പങ്ങള്‍ കോര്‍ത്തിണക്കുവാന്‍,പാടാന്‍
ഭാവന യെനിക്കേകീ കാവ്യവല്ലകി നൂനം
ഞാനെന്റെ മണിവീണാസ്പന്ദമീ മട്ടില്‍ മീട്ടി
കാവ്യജീവിതം ധന്യസാര്‍ത്ഥമായ് തുടരട്ടേ.
*****************************************

2 comments:

  1. ദീപ കരുവാട്July 31, 2015 at 11:16 AM

    എത്ല സുഖംനൽകും ഈ കവിതകള്‍

    ReplyDelete
  2. കാവ്യജീവിതം സുന്ദരം സുഖകരം സുശോഭിതം.
    മനോജ്ഞം!

    ReplyDelete