Boxbe

Thursday, May 24, 2012

പറയാത്ത വാക്കു്

പറയാത്ത വാക്കു്.

വാക്കുകളൊക്കെയെന്‍ മാറാപ്പിലാക്കി ഞാന്‍
വഴിയാത്ര തുടരുന്നു മൌനമായി
അതില്‍നിന്നൊരു വാക്കുമാത്രം നിനക്കായി
ഹൃദയത്തില്‍ ഞാനന്നൊളിച്ചു വെച്ചു
ഒരു നാളില്‍ നമ്മളാ തൊടിയിലെ മലര്‍നുള്ളി
കളിയാടിയോടി നടന്നകാലം
അറിയാതുണര്‍ന്നൊരാ വാക്കിന്റെ മാധുര്യം
ഇതളിട്ടു നല്‍കിയാ ബാല്യകാലം
കതിരിട്ട യൌവനം നിന്‍‌നീലമിഴികളില്‍
കനവുകള്‍ നെയ്യുന്ന മധുരയാമം
അറിയാതെയറിയാതെ നിന്‍‌മോഹമെന്നോടു
മൃദുലമായ് മൊഴിയുന്നാ വാക്കു മൌനം
ചിറകുമുളച്ചൊരാ സ്വപ്നാക്ഷരങ്ങളെന്‍
ഹൃദയം നിനക്കായൊളിച്ചു വെച്ചു
പറയില്ലതേതാണു വാക്കെന്നു നിന്നോടു
പറയാത്തവാക്കിനേ മധുരമേറൂ
പറയാത്ത വാക്കിനേ മധുരമേറൂ.
****************************************

Saturday, May 19, 2012

പ്രിയതോഴീ..


പ്രിയതോഴീ...
ഒരുപിടി സ്വപ്നങ്ങള്‍തന്‍ മുത്തുകള്‍ യുവത്വത്തിന്‍
ലഹരിയില്‍ കൊരുത്തു ഞാന്‍ മെല്ലവേ അലയുമ്പോള്‍
അരികില്‍ നീയെത്തീ വശ്യം നിന്നുടെ ചിരിയിലാ
പ്രണയത്തിന്‍ മധുമാരി ചൊരിയുമാ സ്വരം കേട്ടൂ

ഒരു വാക്കും പ്രേമാര്‍ദ്രമായ് ചൊല്ലിയില്ലിവനോടു
പറയാതെ പറഞ്ഞൊരാ വാക്കു ഞാന്‍ കേട്ടൂ കാതില്‍
സിരകളിലൊരു മോഹം നീ പടര്‍ത്തുമ്പോളതില്‍
മതിമറന്നൊരു രാഗബിന്ദുവായലിഞ്ഞു ഞാന്‍

പതിയേ ഞാനേകാകിയായീ മരുഭൂവില്‍ ജീവ-
സരണിയില്‍ ഭാഗ്യം തേടി നീളേയങ്ങലയുമ്പോള്‍
ആത്മാവിലനുരാഗലോലയായ് നീയേകിയ
മാസ്മരശക്തിയെന്നേ നയിച്ചൂ വിമൂകമായ്

‘വേര്‍പെടുമ്പോള്‍ സ്നേഹം വേറിട്ടുപോയീടു’മാ
നീറുന്ന സത്യം വൈകിയേറെഞാനറിഞ്ഞപ്പോള്‍
ആരേയും പഴിചൊല്ലാന്‍ തോന്നിയില്ലിവനില്‍ നീ
ജീവന്റെ ജീവസ്പന്ദമായിരുന്നറിഞ്ഞു ഞാന്‍

ആയിരം ജന്മം വീണ്ടും ഭൂവില്‍ നാം ജനിച്ചേക്കാം
ആയിരം പ്രേമോദാരപുഷ്പങ്ങള്‍ വിരിഞ്ഞേക്കാം
നമ്മളീ ചരിത്രങ്ങളാവര്‍ത്തിച്ചേക്കാം വീണ്ടും
നഷ്ടസ്വപ്നങ്ങള്‍ നല്‍കി മെല്ലെ നീയകന്നേക്കാം

എങ്കിലും സ്വപ്നത്തിന്റെ മുത്തുകള്‍ പെറുക്കി ഞാന്‍
വിണ്ണീലേക്കെറിയുന്നൂ നിനക്കായ് പ്രിയതോഴീ
ജന്മങ്ങള്‍ കൊഴിഞ്ഞാലും മുത്തുകള്‍ നക്ഷത്രമായ്
മിന്നിടും നിന്നേ നോക്കി ജന്മജന്മാന്തത്തിലെല്ലാം

അന്നു നീയറിയേണം നിസ്തുലപ്രേമം മിന്നും
മുത്തുപോല്‍ നക്ഷത്രമായ്,എന്‍ പ്രേമപ്രതീകമായ്
നിനക്കായ് തുടിച്ചൊരു ഹൃത്തിലേ പ്രേമത്തിന്റെ
സ്പന്ദങ്ങളല്ലോ മിന്നി മിന്നിനില്‍ക്കുന്നൂ വാനില്‍
ഒരു നാള്‍ നീയെത്തീടും മിന്നി നിന്നീടും ചാരേ
അതിനായ് യുഗാന്തരം കാത്തുനിന്നീടാം ദൂരേ.

*****************************

Thursday, May 17, 2012

കുരുക്ഷേത്രേ..

കുരുക്ഷേത്രേ...

വീണ്ടുമീ കുരുക്ഷേത്രഭൂമിയില്‍ തലതാഴ്ത്തി
മൂകനായിരിക്കുവാന്‍ കാരണമെന്തേ,പാര്‍ത്ഥാ
ഗീതതന്‍ സാരം സര്‍വ്വം നിനക്കായ് രണഭൂവില്‍
ഓതിയോരിവനേയും നീ മറന്നെന്നോ,ചൊല്ലൂ

‘ഭൂവിതില്‍ ദുരാചാരം പെരുകും നേരത്തെല്ലാം
ഞാനുടനവതാരം ചെയ്തിടും‘പറഞ്ഞു ഞാന്‍
എങ്കിലും നീയാണെന്നുമീ ഭുവി ധനുസ്സേന്തി
സംഗരേ,യടരാടാന്‍ വന്നതെന്നറിക നീ

മന്നിലിന്നധികാരമാളുന്ന പലരിലും
കൌരവര്‍ വിലസുന്നൂ,ദുര്‍മ്മദം തുളുമ്പുന്നൂ
സോദരരുടെ സ്വത്തു കൈയടക്കുന്നൂ,തെല്ലു
ഖേദമില്ലാതേ ധനം ധൂര്‍ത്തടിക്കുന്നൂ നിത്യം

പീഡനമൊരു ദിവ്യപര്‍വ്വമായ് മാറീടുന്നൂ
ആടകളുരിയുന്നൂ,ദ്രൌപദി കരയുന്നൂ
കീചക,ദുശ്ശാസനപ്രൌഢരീ പര്‍വ്വത്തിലേ
നായകപദമേറി നീതിയേ തകര്‍ക്കുന്നു

ഭാരതം ഭരിക്കുവാന്‍ ഭാരമേല്‍ക്കുന്നോര്‍,പാവം
ഭാരതമക്കള്‍ക്കെന്നും ഭാരമായ് മാറീടുന്നൂ
വെള്ളക്കാര്‍ പോയെന്നാലും ഭാരതമണ്ണിന്‍ ഭാഗ്യം
കൊള്ളക്കാര്‍ കൈയാളുന്നൂ,പൌരരോ ഹതഭാഗ്യര്‍

പുത്തനാം കരങ്ങള്‍ വന്നെത്തുന്നൂ,കരം കെട്ടി
മര്‍ത്ത്യരിന്നുഴലുന്നൂ നിത്യവൃത്തിക്കായെന്നും
ഹസ്തിനപുരിതന്നില്‍ പത്തികളുയരുമ്പോള്‍
ഹൃത്തിലൊരപഭംഗം വന്നിടാന്‍ തരമെന്തേ

ഭാരതീയരേ,നിങ്ങള്‍ അര്‍ജ്ജുനന്മാരായ് തീവ്രം
പോരിനാലനീതിയേ തച്ചുടച്ചുയരുക
അര്‍ജ്ജുനന്മാരേ,കുരുക്ഷേത്രഭൂമിയില്‍ സിംഹ-
ഗര്‍ജ്ജനം മുഴക്കുക,ഗാണ്ഡീവമെടുക്കുക

വര്‍ഗ്ഗവും വര്‍ണ്ണങ്ങളും കക്ഷിരാഷ്ട്രീയം മത-
മൌലികവാദം പൂര്‍ണ്ണം വേര്‍തിരിച്ചെറിയുക
കോര്‍ക്കുക കൈകള്‍,നിങ്ങളൊന്നുചേര്‍ന്നൊന്നാണെന്ന-
തോര്‍ക്കുക,അനീതികള്‍ വേരറുത്തെറിയുക

ഉണരൂ പാര്‍ത്ഥന്മാരേ,ഉണര്‍ന്നൂ കുരുക്ഷേത്രം
തുണയായ് സ്ഥൈര്യത്തിന്റെ കൃഷ്ണനുണ്ടല്ലോ ഹൃത്തില്‍
വിജയം നിങ്ങള്‍ക്കുണ്ടാം,നിങ്ങളോ ധനുര്‍ദ്ധരര്‍
വിജയം കുരുക്ഷേത്രേ വിജയന്മാര്‍ക്കാണോര്‍ക്കൂ.

*********************************