Boxbe

Wednesday, March 31, 2010

മനുഷ്യജന്മം

കാറ്റത്തു വാനില്‍ പറക്കുന്നോരപ്പൂപ്പന്‍-
താടിയാണല്ലോ മനുഷ്യജന്മം
ഒരു തണലില്ല ഒരു താങ്ങുമില്ല
എവിടെയോ പോകുന്നൂ,പൊങ്ങുന്നൂ,താഴുന്നൂ
ഒടുവില്‍ വീണടിയുന്നൂ പൂഴിമണ്ണില്‍

മുറിവേറ്റു ജീവിതഭാരമേറി
വിവശരായലയുന്ന നാളിലന്നും
ഇടറുന്ന കാലുമായ്‌ നീങ്ങിയാലും
വിധിയെന്ന് വിധി ചൊല്ലി ആശ്വസിക്കും

ഒരു ശാന്തിഗേഹം പടുത്തുയര്ത്താം
ഒരു ഹിമബിന്ദുവായ്‌ ആശ്വസിക്കാം
അവസാനനാളിലീമോഹമെല്ലാം
ഒരു പാഴ്ക്കിനാവായി മാറുവോളം

അരുണാധരീ

അരുണാധരീ ദേവി വരവര്‍ണ്ണിനീ
വരവീണയേന്തുന്ന വരദായിനീ
ഉണരുന്ന സ്വരരാഗസുധതന്നിലേ
ഹംസധ്വനിയായിയുയരട്ടേ തവമാധുരി

ദിവ്യസംഗീതത്തിനാധാരമായ് കാവ്യ-
ചൈതന്യദീപ്തിയായ് നീയിരിപ്പൂ
വിശ്വവിപഞ്ചികതന്നില്‍ നീ രാഗമാം
സര്‍ഗ്ഗസംഗീതസ്വരൂപമല്ലോ

എത്രയോരാഗങ്ങള്‍ നിന്‍വിരല്‍ തട്ടിയാല്‍
ചിത്രവിപഞ്ചിയില്‍ നിന്നുണരും
ഓംകാരനാദസ്വരൂപമേ സംഗീത-
രാഗതരംഗമായ് നീയുണരൂ

Tuesday, March 30, 2010

മാലിനീതീരം

ആതിര നക്ഷത്രം മാഞ്ഞൂ
തിരുവാതിര നക്ഷത്രം മാഞ്ഞൂ
ആലോലലോചന തന്നുടെ സുന്ദര-
സ്വപ്നങ്ങളും വാനില്‍ മാഞ്ഞൂ (......)

മാന്‍കിടാവൊന്നു ചോദിച്ചൂ
മാനിനിയെന്തേ വിഷാദം?
മാലിനീതീരവും തോഴിമാര്‍ തന്നെയും
ആയതനേര്‍മിഴി നീ മറന്നോ?
ഇന്നു നീ മറന്നോ? (......)

ആ വനജ്യോത്സ്നയുലഞ്ഞൂ
നറും തേന്മാവു കണ്ണീര്‍ പൊഴിച്ചൂ
ആ മുനികന്യക നീര്‍മിഴിയോടെ
ഇന്നാരെയോ നോക്കിയിരിപ്പൂ
ഇന്നാരെയോനോക്കിയിരിപ്പൂ (.....)

ശിവനാമം

ഖരഹരപ്രിയ രാഗ മാധുരിയില്‍ ഞാന്‍
ശിവനാമമുരുവിട്ടു പാടിടുമ്പോള്‍
ശിവനേ ശ്രീഹരനേ നിന്‍ ശ്രീപാദപൂജയില്‍
അടിയനു ജന്മസാഫല്യം,നരജന്മപുണ്യ സാഫല്യം

എത്രയോ കാലം വലം വെച്ചു നിന്നെ ഞാന്‍
വൃത്രാരി പൂജിത പൂജ ചെയ് വൂ
ഹേ ത്രിപുരാന്തക,ശങ്കരാ,ശ്രീഭവ
തത്ര ഭവാനെന്നെ കാത്തിടേണം
ഭക്തനാമെന്നെ നീ കാത്തിടേണം

ജന്മജന്മാന്തര പാപഫലങ്ങളാല്‍
ജന്മങളാലേ വലഞ്ഞിടുമ്പോള്‍
ഭക്തപ്രിയാ നിന്റെ തൃക്കണ്‍ തുറക്കേണം
ജന്മാന്തരം മോക്ഷം നല്കിടേണം
എന്റെ ജന്മാന്തരം മോക്ഷം നല്കിടേണം

എന്റെ മലയാളം

എന്റെ മലയാളനാട്

കലയുടെ നാടാം മലയാളം
കളഗീതിയുയര്‍ത്തും മലയാളം
കഥകളിതന്നുടെ കേളിയിലുണരും
കടലല തഴുകും മലയാളം
ആവണിമാസപ്പുലരിയിലോണ-
പ്പാട്ടുകള്‍ ഉയരും മലയാളം
അണിയണിയായ് പടയണിയും തെയ്യവും
ആര്‍ത്തുവിളിക്കും മലയാളം
തിരുവാതിരയും വഞ്ചിപ്പാട്ടും
തിരകള്‍ ഉയര്‍ത്തിയ മലയാളം
പച്ചപ്പുല്ലണിമേട്ടില്‍ മയിലുകള്‍
നൃത്തം വെയ്ക്കുംമലയാളം
തുഞ്ചന്‍ പാടിയ മലയാളം
കവി കുഞ്ചന്‍ തുള്ളിയ മലയാളം
ആശാന്‍ ഉള്ളൂര്‍ വള്ളത്തോളും
കവിത വിടര്‍ത്തിയ മലയാളം
പേരാറും പെരിയാറും മലനിര
തഴുകി വളര്‍ത്തിയ മലയാളം
അദ്വൈതാമൃതമാധുരി മന്ത്ര -
ധ്വനികള്‍ ഉയര്‍ത്തിയ മലയാളം
മഹിതമനോമയി മലയാളം
പ്രകൃതിമനോഹരി മലയാളം
മഹിതമനോമയി പ്രകൃതിമനോഹരി
മധുരിതമോഹിനി മലയാളം
****************

പ്രളയപയോധി

പ്രളയപയോധിയില്‍ ഇലയില്‍ ഉറങ്ങിയ
യദുകുലബാലാ കണ്ണാ
കരളിലെ ദുഃഖത്തിരയിലുറങ്ങാന്‍
വരുകില്ലേ കണ്ണാ നീ
വരുകില്ലേ കണ്ണാ (...)

ഹൃദയമൊരാലിലയായ്ഞാന്‍ മാറ്റാം
കരിമുകില്‍വര്ണ്ണാ...കണ്ണാ..
ഒരുപിടി മലരാല്‍ പൂജനടത്താം
വരുകില്ലേ കണ്ണാ.. നീ വരുകില്ലേ കണ്ണാ.... (.....)

കാറൊളിവര്ണ്ണാ നിന്‍ ചുണ്ടിലേ
മണിമുരളികയായ് ഞാന്‍ മാറാം
മുരളീനാദമുയര്ത്താനെന്നില്‍
നിറയില്ലേ കണ്ണാ നീ
നിറയില്ലേ കണ്ണാ (....)

Sunday, March 28, 2010

വിഷുപ്പാട്ടു്

മഞ്ഞക്കിളി പാടുന്നേ ...
കൊന്നക്കണിയുയരുന്നേ..
മലനാട്ടില്‍ വിരുന്നുവന്നൂ കാലം,ഉത്സവകാലം.
മലനാട്ടില്‍ വിരുന്നു വന്നൂ കാലം,ഉത്സവകാലം (മഞ്ഞക്കിളി---)
വിത്തും കൈക്കോട്ടും പാടി
പക്ഷി പറക്കുന്നേ..
വൈശാഖപ്പക്ഷി പറക്കുന്നേ.
കണികാണാന്‍ ഉണര്‍ന്നുവന്നൂ മലനാടു്
നമ്മുടേ.. മലനാടു്..
കണികാണാന്‍ ഉണര്‍ന്നുവന്നൂ മലനാടു്
നമ്മുടേ.. മലനാടു്.
കൈനീട്ടം താ,കൈനീട്ടം താ..
വയലു വിളിക്കുന്നേ ...ഹോ..ഹോയ്..
വയലു വിളിക്കുന്നേ ..
കൈനീട്ടം താ,കൈനീട്ടം താ..
വയലു വിളിക്കുന്നേ ...ഹോ..ഹോയ്..
വയലു വിളിക്കുന്നേ... (മഞ്ഞക്കിളി..)
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ
തിം തിമി താരാ..തിമിതിമിതാരാ
തിമിതിമിതിമി തിംതിമിതാരാ
തിം തിമി താരാ..തിമിതിമിതാരാ
തിമിതിമിതിമി തിംതിമിതാരാ
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ..
വിത്തെടുക്കടീ ചീതപ്പെണ്ണേ..
കൈക്കോട്ടെവിടെടീ ചിരുതപ്പെണ്ണേ..
വിത്തെടുക്കടീ ചീതപ്പെണ്ണേ..
നമ്മള്‍‍ വിതയ്ക്കും കൊയ്യും വയലില്‍
ഐശ്വര്യത്തിന്‍ നെന്മണികള്‍ ‍....
ഐശ്വര്യത്തിന്‍ നെന്മണികള്‍ ..
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ...
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ...
അദ്ധ്വാനത്തിന്‍ പൊന്മണികള്‍ ... (മഞ്ഞക്കിളി..)

Saturday, March 27, 2010

വിഷുക്കണി


വിഷുക്കണി

വിഷുവിതു വരവായീ,വന്നു വൈശാഖമാസം
തരുനിര ചിരിതൂകീ,കൊന്നയും മഞ്ഞചുറ്റീ
വയലു വിളിയുണര്‍ത്തീ,വന്നിടുത്സാഹമായീ
വരു,വരു,വിളിയായീ,കര്‍ഷകര്‍ കൂട്ടമായീ
അരിയൊരുദിനമായീ,നാടിനാഘോഷമായീ
കിളികുലമൊരുപോലേ പാടിയാമോദമായീ
ചെറിയൊരുരുളിതന്നില്‍ പൂക്കണിക്കുള്ളതെ ല്ലാം
വിരവിലതുനിരത്തീ കണ്ണനാമുണ്ണിയൊപ്പം
പുലരിവിടരുമപ്പോളമ്മ കാണിച്ചതെല്ലാം
കണിമലരൊളി തൂകീ,കണ്ണിനാനന്ദമായീ
കരമതില്‍ വരമായ്പൊന്‍‌നാണയം തന്നിതച്ഛന്‍
വരുമൊരു മുഴുവര്‍ഷം ഭാഗ്യവര്‍ഷം നമുക്കും
സകലതുമിതുപോലേ ധന്യമായ് തീര്‍ന്നിടാനായ്
കരുണയൊടഖിലേശന്‍ നല്‍‌വരംതന്നിടട്ടേ.