പ്രിയതോഴീ...
ഒരുപിടി സ്വപ്നങ്ങള്‍തന്‍ മുത്തുകള്‍ യുവത്വത്തിന്‍
ലഹരിയില്‍ കൊരുത്തു ഞാന്‍ മെല്ലവേ അലയുമ്പോള്‍
അരികില്‍ നീയെത്തീ വശ്യം നിന്നുടെ ചിരിയിലാ
പ്രണയത്തിന്‍ മധുമാരി ചൊരിയുമാ സ്വരം കേട്ടൂ
ഒരു വാക്കും പ്രേമാര്‍ദ്രമായ് ചൊല്ലിയില്ലിവനോടു
പറയാതെ പറഞ്ഞൊരാ വാക്കു ഞാന്‍ കേട്ടൂ കാതില്‍
സിരകളിലൊരു മോഹം നീ പടര്‍ത്തുമ്പോളതില്‍
മതിമറന്നൊരു രാഗബിന്ദുവായലിഞ്ഞു ഞാന്‍
പതിയേ ഞാനേകാകിയായീ മരുഭൂവില്‍ ജീവ-
സരണിയില്‍ ഭാഗ്യം തേടി നീളേയങ്ങലയുമ്പോള്‍
ആത്മാവിലനുരാഗലോലയായ് നീയേകിയ
മാസ്മരശക്തിയെന്നേ നയിച്ചൂ വിമൂകമായ്
‘വേര്‍പെടുമ്പോള്‍ സ്നേഹം വേറിട്ടുപോയീടു’മാ
നീറുന്ന സത്യം വൈകിയേറെഞാനറിഞ്ഞപ്പോള്‍
ആരേയും പഴിചൊല്ലാന്‍ തോന്നിയില്ലിവനില്‍ നീ
ജീവന്റെ ജീവസ്പന്ദമായിരുന്നറിഞ്ഞു ഞാന്‍
ആയിരം ജന്മം വീണ്ടും ഭൂവില്‍ നാം ജനിച്ചേക്കാം
ആയിരം പ്രേമോദാരപുഷ്പങ്ങള്‍ വിരിഞ്ഞേക്കാം
നമ്മളീ ചരിത്രങ്ങളാവര്‍ത്തിച്ചേക്കാം വീണ്ടും
നഷ്ടസ്വപ്നങ്ങള്‍ നല്‍കി മെല്ലെ നീയകന്നേക്കാം
എങ്കിലും സ്വപ്നത്തിന്റെ മുത്തുകള്‍ പെറുക്കി ഞാന്‍
വിണ്ണീലേക്കെറിയുന്നൂ നിനക്കായ് പ്രിയതോഴീ
ജന്മങ്ങള്‍ കൊഴിഞ്ഞാലും മുത്തുകള്‍ നക്ഷത്രമായ്
മിന്നിടും നിന്നേ നോക്കി ജന്മജന്മാന്തത്തിലെല്ലാം
അന്നു നീയറിയേണം നിസ്തുലപ്രേമം മിന്നും
മുത്തുപോല്‍ നക്ഷത്രമായ്,എന്‍ പ്രേമപ്രതീകമായ്
നിനക്കായ് തുടിച്ചൊരു ഹൃത്തിലേ പ്രേമത്തിന്റെ
സ്പന്ദങ്ങളല്ലോ മിന്നി മിന്നിനില്‍ക്കുന്നൂ വാനില്‍
ഒരു നാള്‍ നീയെത്തീടും മിന്നി നിന്നീടും ചാരേ
അതിനായ് യുഗാന്തരം കാത്തുനിന്നീടാം ദൂരേ.
*****************************
No comments:
Post a Comment