Boxbe

Sunday, June 17, 2012

വലയുയരുമ്പോള്‍

വലയുയരുമ്പോള്‍.

അലകടലലറിവരുമ്പോള്‍ ഞാനൊരു
വലയും പേറിയിരുന്നൂ
അലകടലേകൂം സമ്പത്തെല്ലാം
വലയിലൊതുക്കാമോര്‍ത്തൂ

അവിടെക്കോരീട്ടിവിടെക്കോരീ-
ട്ടെല്ലായിടവും കോരിയലഞ്ഞി-
ട്ടൊന്നും കിട്ടാതുഴറുന്നവരുടെ
അലമുറയോര്‍ത്തു രസിച്ചൂ

അലയാഴിയിലെ പവിഴദ്വീപി-
ന്നധിപതി ഞാനെന്നോര്‍ത്തൂ
അടിയാരൊക്കെയുമടിപണിയുന്നോ-
രരചന്‍ ഞാനെന്നോര്‍ത്തൂ

അങ്ങനെ ‘ഞാനാം ഞാന്‍‘ വളരുമ്പോള്‍
ഉലകില്‍ ‘ഞാന്‍‘ നിറയുമ്പോള്‍
അലമായ് നലമായന്ത്യത്തില്‍ വല-
യുയരുന്നതു ഞാന്‍ കണ്ടു

വലതന്‍ കണ്ണികള്‍ മുറുകുന്നു
ഞാന്‍ വലയുന്നൂ,ഞാനുലയുന്നൂ
വലയില്‍പ്പെട്ടു വലഞ്ഞു പിടഞ്ഞു
തുലഞ്ഞതു “ഞാനാം ഞാനേ”.
*******************************

Friday, June 15, 2012

മുക്കുറ്റിപ്പൂവേ

മുക്കുറ്റിപ്പൂവേ
എന്റെ മുറ്റത്തിന്റെയോരത്തു നില്‍ക്കുന്ന
സുന്ദരിയാം കൊച്ചു കാട്ടുപൂവേ
വാരുറ്റപൂക്കളിന്നാടിക്കളിക്കവേ
നാണിച്ചു നില്‍ക്കുവാന്‍ കാര്യമെന്തേ?

നിന്നിലുമില്ലേ സുഗന്ധവും രാഗവും
തെന്നലിന്നേകുവാന്‍ കൊച്ചുപൂവേ
തേടിയെത്തും കരിവണ്ടിന്നു നല്‍കുവാന്‍
തൂമധുവില്ലയോ വേണ്ടുവോളം?

തെറ്റിയും ചെമ്പനീര്‍പ്പൂവും കളിക്കുന്ന
മുറ്റത്തുനില്‍ക്കുവാന്‍ നാണമണോ?
ആ വര്‍ണ്ണസൂനങ്ങളൊന്നിച്ചുനില്‍ക്കവേ
നീയിന്നവര്‍ണ്ണയോ?,ചൊല്ലു പൂവേ

ദൈവസങ്കല്പത്തിലോരോ പ്രസൂനവും
തുല്യരായ് ത്തന്നേ ലസിച്ചിടേണം
വാടാതെയാടിക്കളിക്കുകെന്നോമനേ
മുക്കുറ്റിപ്പൂവേ മണിത്തിടമ്പേ.
*********************************

Monday, June 11, 2012

എന്റെ കവിത.





എന്റെ കവിത
.

“കവിതയ്ക്കിന്നെന്തുണ്ടു സന്ദേശമുയര്‍ത്തീടാന്‍”
ഉതിരും ചോദ്യം കേട്ടാലുത്തരമെന്തോതേണ്ടൂ ?
ചൊല്ലീടാമെനിക്കില്ല തെല്ലു സന്ദേശം നല്‍കാന്‍
പൊന്തീടും വികാരത്തിന്‍ സ്പന്ദമാണല്ലോ കാവ്യം.

എന്തിനായ് കുറിക്കുന്നീ കാവ്യബിന്ദുക്കളോര്‍ത്താല്‍
എന്തിതിന്നന്ത്യോദ്ദേശ്യം? ചൊല്ലുവാനശക്തനാം
അന്തരാത്മാവിന്നുള്ളില്‍ തിങ്ങിടും വികാരങ്ങള്‍
ബിന്ദുക്കളായിക്കൂടി ഭാവമായ് തീര്‍ന്നീടുന്നു

തൂലികത്തുമ്പില്‍ നിന്നും ഭാവങ്ങളോരോന്നായി
താളിലേക്കൊഴുകുന്നൂ,കാവ്യമായ് മാറീടുന്നൂ
തൂലിക പടവാളായ് മാറ്റിയ കവീന്ദ്രര്‍ തന്‍
ഭാവങ്ങളെനിക്കില്ല,വിപ്ലവമല്ലെന്‍ ലക്ഷ്യം

ലോകരേ നന്നാക്കാനായ് മുന്നമേ പാടീ ചിലര്‍,
ലോകരോ നന്നായില്ലാ മണ്ടരായ് കവീന്ദ്രന്മാര്‍
മണ്ടത്തമാവര്‍ത്തിക്കും മണ്ടനല്ലല്ലോ,ഞാനീ-
ചെണ്ടുകള്‍ വിടര്‍ത്തട്ടേ,വണ്ടുകള്‍ നുകരട്ടേ

തെല്ലു സന്തോഷം‌പൂണ്ടാ വണ്ടുകള്‍ പറന്നെങ്കില്‍
തള്ളിടും സന്തോഷത്താലെന്‍ മനം കൊണ്ടാടീടും
ദുഃഖത്തിലൊരു കുളിര്‍ത്തെന്നലായ് മാറാന്‍ മാത്രം
ഒത്തുചേരട്ടേ ഞാനെന്‍ കാവ്യദേവതയ്ക്കൊപ്പം

എന്നുടെ കാവ്യങ്ങളില്‍ വിപ്ലവം തേടും ചിലര്‍,
എന്നുടെ കാവ്യങ്ങളില്‍ ദുഃഖവും തേടും ചിലര്‍
സൌന്ദര്യം കാണുംചിലര്‍,സത്യവും കാണും ചിലര്‍
എങ്കിലോയിവയെല്ലാം ചേര്‍ന്നാലെന്‍ കവിതയാം

ലക്ഷ്യങ്ങള്‍ പലതുണ്ടാമെങ്കിലും സന്തോഷത്തിന്‍
പക്ഷങ്ങള്‍ വിടര്‍ത്തിയെന്‍ കാവ്യനീഡജം പാറും
മര്‍ത്ത്യനാമോദം നല്‍കാനല്ലെങ്കിലായെന്തിന്നായീ
കോര്‍ക്കണം ബദ്ധപ്പെട്ടീ കാവ്യമാം കുസുമങ്ങള്‍?

കണ്ണിലും കരളിലും കാവ്യമായ് മാറീടുന്ന
വര്‍ണ്ണചിത്രങ്ങള്‍തേടി മന്നില്‍ ഞാനലഞ്ഞിടും
പിന്നെയാ വര്‍ണ്ണ്യങ്ങളേ വര്‍ണ്ണിക്കാന്‍ ചലിക്കുമെന്‍
തൂലികത്തുമ്പെന്നാളും,ദുഃഖമേ ദൂരെപ്പോകൂ

തൂയമാം സന്തോഷത്തില്‍ തൂലികത്തുമ്പില്‍ നിന്നും
കാമ്യമായുയരട്ടേ കാവ്യങ്ങളോരോന്നായി
ഇറ്റു സന്തോഷം നിങ്ങള്‍ക്കിന്നതില്‍ ലഭിക്കുകില്‍
തുഷ്ടനായ് ഞാനും പാടും”സഫലം ഹാ ഈ യാത്ര”.
*********************************************