വലയുയരുമ്പോള്‍.
അലകടലലറിവരുമ്പോള്‍ ഞാനൊരു
വലയും പേറിയിരുന്നൂ
അലകടലേകൂം സമ്പത്തെല്ലാം
വലയിലൊതുക്കാമോര്‍ത്തൂ
അവിടെക്കോരീട്ടിവിടെക്കോരീ-
ട്ടെല്ലായിടവും കോരിയലഞ്ഞി-
ട്ടൊന്നും കിട്ടാതുഴറുന്നവരുടെ
അലമുറയോര്‍ത്തു രസിച്ചൂ
അലയാഴിയിലെ പവിഴദ്വീപി-
ന്നധിപതി ഞാനെന്നോര്‍ത്തൂ
അടിയാരൊക്കെയുമടിപണിയുന്നോ-
രരചന്‍ ഞാനെന്നോര്‍ത്തൂ
അങ്ങനെ ‘ഞാനാം ഞാന്‍‘ വളരുമ്പോള്‍
ഉലകില്‍ ‘ഞാന്‍‘ നിറയുമ്പോള്‍
അലമായ് നലമായന്ത്യത്തില്‍ വല-
യുയരുന്നതു ഞാന്‍ കണ്ടു
വലതന്‍ കണ്ണികള്‍ മുറുകുന്നു
ഞാന്‍ വലയുന്നൂ,ഞാനുലയുന്നൂ
വലയില്‍പ്പെട്ടു വലഞ്ഞു പിടഞ്ഞു
തുലഞ്ഞതു “ഞാനാം ഞാനേ”.
*******************************
'ഞാൻ'എന്നഭാവത്തെ വിമർശിച്ചെഴുതിയ ഭാവനാത്മമായ കവിത!വളരെയിഷ്ടപ്പെട്ടു.
ReplyDelete