സ്മരണകള്‍
സ്മൃതിതന്‍ ജാലകവാതില്‍ തുറന്നൂ
സ്മരണകള്‍ വീണ്ടുമുണര്‍ന്നൂ
ഈ കുളിരലകളിലൊഴുകിവരുന്നൂ
വീണുമയങ്ങിയ സ്വപ്നങ്ങള്‍
വര്‍ണ്ണമനോഹരനിമിഷങ്ങള്‍ (.....)
തൊടിയിലെ മാവിന്‍ ചില്ലയിലൂഞ്ഞാല്‍
പടിയിലൊരോണംതുടികൊട്ടീ
തൃക്കാര്‍ത്തികയും തിരുവാതിരയും
തിരി നീട്ടുന്നൂ ഹൃദയത്തില്‍
നിറവായ് നിനവില്‍ പടരുന്നൂ
അതിലൊരു സുഖലയമുയരുന്നൂ(.....)
ഈ പുഴയരുകില്‍ ,കല്‍പടവുകളില്‍
ബാല്യത്തിന്‍ കാല്‍പാടുകളും
കളിചിരിയുതിരും മണിമുത്തുകളും
ഒലിയായ് ,ഒളിയായ് ചിതറുമ്പോള്‍
വീണ്ടും വരുമോ ഇനിയൊരു ബാല്യം
ഹൃദയവിപഞ്ചിക തേങ്ങുന്നൂ
വിഷാദരാഗമുയര്‍ത്തുന്നൂ (.....)
*****************************************
ഇഷ്ടം
ഇഷ്ടമെന്നെന്നോടു നീ ചൊല്ലിയില്ല,പക്ഷേ
നിന്‍ മിഴികളതെന്നോടു ചൊല്ലീ
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം (.....)
നീയെന്റെ ജീവനെന്നാരും മൊഴിഞ്ഞില്ല,പക്ഷേ
നിന്‍ മന്ദഹാസവും നിന്‍ മോഹഭാവവും
മന്ദമായെന്നോടു ചൊല്ലീ
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം(.....)
ജീവിതവീഥിയില്‍ കൈകോര്‍ത്തു നാമിനി
പോകുമെന്നെന്നോടാരു ചൊല്ലീ
നിന്മൃദുസ്മേരത്തിലൂറും വികാരങ്ങള്‍
മൌനമായെന്നോടു ചൊല്ലീ
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം.
**************************************************
ബാല്യസ്മരണകള്‍
താളത്തില്‍കൊട്ടുംകൊട്ടി
മേളത്തില്‍ തുള്ളിത്തുള്ളി
കൂട്ടരെ നാടന്‍പാട്ടുകള്‍ പാടീടാം
വരുകെല്ലാരും
കുത്തിമറിഞ്ഞു നടക്കാം,കളിയാടാം (.....)
ആ മല ഈ മല കേറിയിറങ്ങാം
അലറിവിളിക്കാം ആടി രസിക്കാം
അതിലൂടൊഴുകും പുഴയില്‍ ചാടാം
നീന്തിനടക്കാം നീട്ടിക്കൂവാം
വന്നീടെല്ലാരും
ചാടിത്തുള്ളീടെല്ലാരും (.....)
അപ്പൂപ്പന്‍താടി പെറുക്കാം
ഊതിയുയര്‍ത്താം പുറകേയോടാം
ഉടനടിയിടയിലൊരമ്പതുവട്ടം
കൊമ്പത്തേറാം കമ്പില്‍ മറിയാം
വന്നീടെല്ലാരും
ഇമ്പംകൂടാമെമ്പാടും.(.....)
തപ്പും തകിലും കൊട്ടി നടക്കാം
ഇപ്പംവന്നാലൊപ്പം കൂടാം
വക്കാണത്തിനു നിക്കാതൊക്കാം
വെക്കം വന്നാലൊക്കെക്കാണാം
വന്നീടെല്ലാരും
തക്കം പാര്‍ക്കാമാര്‍ത്താടാം (.....)
**************************************
കാലം മാറിമറിഞ്ഞൂ കോലം കെട്ടിനടന്നൂ
മോഹം കരളില്‍ നിറഞ്ഞൂ കടലുകടന്നു പറന്നൂ
അക്കരയിക്കരെയങ്ങനെയിങ്ങനെ
ഒഴുകിനടന്നവരൊന്നിച്ചൂ
ഓര്‍മ്മച്ചെപ്പുതുറക്കാമിനിയും
പാടാം,പാടാം അടിപൊളിഗാനം
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം
കരകാണാക്കടലിന്നക്കരെ
കനവുകള്‍ തേടിപ്പോകുമ്പോള്‍
പലപല നാടും കണ്ടൂ നാം,പലപലവേഷം കെട്ടീനാം
പാഠം പലതുപഠിച്ചൂ നാം,പാടിപ്പറന്നുനടന്നു നാം
മയങ്ങിവീണൊരുസ്വപ്നങ്ങള്‍ ,മറന്നു നമ്മള്‍ പാടുന്നൂ
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം
പണ്ടത്തേപാട്ടും പദവും
മണ്ടച്ചാരേ പാടട ആടട
പാടാന്‍ വേണ്ടൊരുകാര്യം പറയട,തടയാനിവിടില്ലാരും കരുതട
പടിപടിയായ് അടിയടിയായ്,നീട്ടിപ്പാടട ആടട മടയാ
ഉടനടിപാടട,വെടിയതുപറയട,മടിയതുകളയട,ഇതുപടിപാടട
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം.
*****************************************************************
ഏകാന്തത
ഈ മണ്‍ചെരാതില്‍ നെയ്ത്തിരികൊളുത്തീടുമോ
ഈറന്‍ നിലാപ്പൂക്കളേ
ഇതള്‍ വീണുവാടുമീ കരളിലേ നൊമ്പരം
ഇനിയൊന്നു പാടിയുറക്കൂ
ഈ സന്ധ്യയില്‍ നീ മയക്കൂ (.....)
ഇരുള്‍ വീണ വീഥിയാണിന്നെന്‍ മനം
ഇടനെഞ്ചുപൊട്ടുന്ന വ്യഥതന്‍ വനം
വിധിതന്റ വിളയാട്ടിലെന്‍ ജീവിതം
വിധുരമായലയുന്നു,വിടചൊല്ലുവാന്‍
വിമൂകമായലയുന്നു,വിടചൊല്ലുവാന്‍ (.....)
പടികടന്നപ്പോള്‍ തിരിഞ്ഞു നോക്കാന്‍
മടിയായി,നിന്‍ കടക്കണ്ണിലൂറും
മിഴിനെരിലൊഴുകുന്ന വേദനയില്‍
വിടചൊല്ലിടാന്‍ നാം മടിച്ചുനിന്നൂ
ഇടതൂര്‍ന്നശോകം മറച്ചു നിന്നൂ(.....)
ഇവിടെ നിന്നോര്‍മ്മകള്‍ ശലഭങ്ങളായ്
ഇടറിപ്പറക്കയാണിന്നുമെന്നും
വിരഹത്തീജ്വാലയില്‍ മോഹമെല്ലാം
ഒരു പാഴ്‌ക്കിനാവായ് കരിഞ്ഞിടുന്നൂ
ചുടുനെടുവീര്‍പ്പില്‍ തളര്‍ന്നിടുന്നൂ.
********************************************************
കദനത്തിന്‍ സാഗരത്തിരകളിലുലയുന്നു
കരകാണാതുഴറുന്നു ജീവിതങ്ങള്‍
അകലെയെന്‍ ജീവിതസഖിതന്റെ മിഴികളില്‍
ദാഹങ്ങള്‍ കണ്ണുനീരായ് (.....)
ദുഃഖത്തിന്‍ പാഴ്മരുഭൂമിയില്‍ വീണുപോയ്
ഈ ശപ്തജന്മവും സ്വപ്നങ്ങളും
എത്രയോ നാളുകള്‍ ഈ വിരഹത്തിന്റെ
തപ്തനിശ്വാസം വിതുമ്പി നിന്നു (.....)
ഇടറുന്ന കരളില്‍ വിഷാദഭാരം
ഇടതിങ്ങി മോഹങ്ങള്‍ മങ്ങിടുമ്പോള്‍
അഭിശപ്തജന്മമായലയുന്നു ഞാനെന്റെ
കദനത്തിന്‍ തോണി തുഴഞ്ഞിടുന്നു
കരയറിയാതേ വലഞ്ഞിടുന്നു.-
*********************************************
Subscribe to:
Post Comments (Atom)
ഗംഭീരമായിരിക്കുന്നു. ഇനിയും എഴുതി കൊണ്ടിരിക്കണം. ഇനിയും വരാം
ReplyDeleteSir, vaayichu.aashamsakal.
ReplyDeleteSir, SMARANAKAL vaayichappol athoru LALITHAGAANAM aayi paadiyaal nannayirikkum ennu thonni !
ReplyDelete