കൈലാസപ്പെരുമാളുതന്റെ വിവരം ചോദിച്ചുപോന്നീടുവാന്‍
ഉല്ലാസത്തൊടു ചെന്നണഞ്ഞൊരു ദിനം കണ്ടൂ മഹാവല്ലഭന്‍
കൈലാസാധിപതിക്കു കോപമിയലും ഭാവം,പറഞ്ഞേനഹം
“മെല്ലേതെല്ലു തെളിഞ്ഞുചൊല്ലുക ഹരേ, കോപം വെടിഞ്ഞീടണേ
കഞ്ഞിയ്ക്കുപ്പു കുറഞ്ഞിതോ,ദിവസവും ബെഡ്ക്കോഫി കിട്ടാത്തതോ
ഗംഗപ്പെണ്ണു കയര്‍ത്തിതോ,മലമകള്‍ പിച്ചത്തരം പേശിയോ
കുഞ്ഞിക്കൊമ്പനിടഞ്ഞിതോ,അറുമുഖന്‍ ചെറ്റത്തരം കാച്ചിയോ
പങ്കപ്പാടിവിടിപ്പടിക്കു വരുവാനെന്തുണ്ടു കാര്യം ഹരേ?”
ഇത്ഥം കേട്ടു തെറിച്ചു മന്മഥഹരന്‍ ചൊല്ലീ”പറഞ്ഞീടെടോ,
ബദ്ധപ്പാടിവിടിത്തരത്തിലെവനും വന്നാലെതാകും ഗതി?
ക്രോധാവേശമടക്കി ഞാന്‍ പലദിനം വാഴുന്നുവെന്നാകിലും
ബോധം കെട്ടവരീകുരംഗമിഴിമാരൂര്‍ദ്ധന്‍ നമുക്കേകിടും
കൈലാസത്തിലുമാപതിക്കു സുഖമെന്നോതുന്ന മാലോകരീ -
മാലേറ്റീടുകിലന്നുതന്നെ വിടുമീ ഭൂലോകവാസം ദൃഢം
പിള്ളേര്‍ തന്നുടെ വാഹനങ്ങളിവിടേ കൂടും വഴക്കെപ്പൊഴും
കള്ളം ചൊല്ലുകയല്ല,ഈ മലയിലും കില്ലില്ല തെല്ലും സുഖം
ക്ഷൌരക്കരനൊരിക്കലും സമയമായെത്തില്ല,എന്നാലിനി
ക്ഷൌരംവേണ്ട വളര്‍ത്തിടാം ജടയിതും,മറ്റെന്തുചെയ്യേണ്ടു ഞാന്‍?
നേരേ നെറ്റിയിലൊന്നു പൊട്ടിടുവതിന്നൊന്നും ലഭിക്കാ,ശരി,
ചാരം തന്നെ നമുക്കു ഭൂഷണമുടമ്പാകേ ധരിയ്ക്കാമിനി
ഇല്ലാ സോപ്പു,മലക്കുകാരമിവയീ കൈലാസനാട്ടില്‍ തരി-
ക്കില്ലാ കൃത്യതയായലക്കുകഴുവിന്നിന്നെന്തു ചെയ്യേണ്ടു ഞാന്‍?
മല്ലാക്ഷീമണി ശൈലജൊക്കൊരുവിധം പൊല്ലാപ്പു വേണ്ടാ ശരി,
മല്ലും വേണ്ട,നമുക്കു തോലു മതിയേ,എന്നും ധരിയ്ക്കാനിനി
പണ്ടേതന്നെയെനിക്കുക്കൊരിറ്റു സുഖമില്ലൊന്നാംതരം മെത്തയില്‍
മുണ്ടുംമൂടി ശയിച്ചിടാന്‍, അതു മഹാമണ്ടത്തമല്ലേ സഖേ?
തണ്ടെന്‍ ഹൃത്തിലൊരിക്കലും കടുകിടെക്കാണില്ലതാണേ സ്ഥിരം
മണ്ടുന്നൂ നിശതന്നിലാ ചുടലയില്‍ നന്നായുറങ്ങീടുവാന്‍
കുഞ്ചന്‍ പണ്ടു പറഞ്ഞതാ ദ്വയമതോ ദാരങ്ങളെന്നാകിലോ
പഞ്ചര്‍ നമ്മുടെ ജീവിതം മനമതില്‍ കാണേണമെല്ലാവരും
തഞ്ചക്കേടിവര്‍ കൂവിടുന്നതുമെതും കേട്ടാല്‍ സഹിക്കില്ലെടോ
പഞ്ചായത്തിലെ സൈറണാണതിസുഖം നല്‍കുന്നതെന്നാളുമേ“
ഇവ കേട്ടു നമിച്ചു ചൊല്ലിനേന്‍
“ഭഗവാനല്പം അയഞ്ഞിടേണമേ
കളവാണികളെന്നുമെപ്പൊഴും
വിവരക്കേടിനു പാത്രമല്ലയോ?
ത്രിപുരാന്തകനെതു ചെയ്യിലും
അവധാനപ്പിഴയൊട്ടുമേ വരാ
അളിവേണികളോടു ബുദ്ധിമാന്‍
ഞെളിയാതല്പമിണങ്ങിടേണ്ടയോ?
അതിനാലവരെന്തുചെയ്കിലും
ശരിയാണെന്നു പറഞ്ഞിടേണമേ
അതിനാലൊരു ദോഷവും വരാ
ശരിയായെന്നുടെ വാക്കു കേള്‍ക്കണേ“
ഇത്ഥമെന്‍ വചനമൊട്ടുകേള്‍ക്കയാല്‍
ക്രുദ്ധഭാവമുടനേ കളഞ്ഞവന്‍
ബദ്ധമോദമൊടു ഞാനുമക്ഷണാല്‍
ശ്രദ്ധയോടെ വിടകൊണ്ടു സത്വരം.
..............ശുഭം...................
Monday, January 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment