Boxbe

Friday, July 4, 2014

കവിതാമാധുരി.1

ദൈവമേയുണരുക.

അകലേ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നു
അത്യന്തവിനാശത്തില്‍ പോര്‍മുന ചിതറുന്നു
അമ്മമാരുടെ ദീനരോദനമുയരുന്നു
അരുമക്കിടാങ്ങള്‍ ഹാ വേദനിച്ചിടറുന്നു

ദൈവമേ, ദിഗന്തങ്ങള്‍ ഭീതിയാലുലയുന്നു 
ദീനരോദനം മന്നില്‍ ശാപമായലയുന്നു
ഈ രണഭൂവില്‍ ക്രൌര്യമഗ്നിയായുരുമ്പോള്‍
കത്തുന്നു മനുഷ്യത്വം,പാവനജന്മം, കഷ്ടം!

മാനവനാശം മാത്രമീയുദ്ധകോലാഹല-
ഭ്രാന്തിന്റെയവസാനം ബാക്കിപത്രമായ് മാറും
കരുണാമയനായ ദൈവമേയുണരുക
ഈ കാട്ടുനീതിയ്ക്കന്ത്യം വരുവാന്‍ വരം നല്‍ക

മനുജസ്നേഹം മന്നില്‍ പൂക്കളായ് വിരിയട്ടേ
ശാന്തിയും സമാധാനചിന്തയും പുലരട്ടേ
സര്‍വ്വസ്രഷ്ടാവായ ദൈവമേ, ഉണരുക
മന്നിന്റെ രക്ഷയ്ക്കായി നിന്‍വരം ചൊരിയുക
*******************************************

എന്നെ തിരയുന്ന ഞാന്‍

തിരയുകയാണു ഞാനെന്റെ സ്വത്വത്തിന്റെ ഉണ്മതേടി
അലയുകയാണു ഞാനീവിധം വിഭ്രാന്തമെങ്ങുമെങ്ങും
കാണ്മതൊരൂഷരഭൂമി മുന്നില്‍ പടര്‍-
ന്നന്തമില്ലാതെ കിടപ്പൂ നിശ്ശബ്ദമായ്
എന്നിലെ ഞാനൊന്നറിയട്ടെയെന്നിലെ
ഉണ്മതന്‍ വേരുകള്‍, തിരയട്ടെ ശാന്തമായ്
ശാന്തമോ? ശാന്തതയന്യമായ് ഡംഭിന്റെ നാദങ്ങള്‍
നിങ്ങളും കേള്‍പ്പതില്ലേ
എന്റെ നെഞ്ചില്‍ തുടിക്കുന്നു കാപട്യം,
അതെന്നെ മയക്കുന്നു,ഞാന്‍ മദിക്കുന്നു
പിന്നെയെന്‍ കണ്‍കളില്‍ ഇരുളിന്റെ മറവില്‍ 
ഞാന്‍ ക്രൌര്യം നിറയ്ക്കുന്നു
കാതുകള്‍ ബധിരങ്ങളാക്കിയതിന്നുള്ളില്‍
ആര്‍ത്തനാദം മരിക്കുന്നു
പുകയുന്നൊരഗ്നിക്കൊരുജ്ജീവനം തേടി
ഇരകള്‍ തളര്‍ന്നുവീഴുമ്പോള്‍
ഒരു കൈയില്‍ വേദാന്തം
മറുകൈയില്‍ ഗോപ്യമായ് കാപട്യം
ഇവയേന്തി ഞാന്‍ പകല്‍‌വെട്ടത്തില്‍ നിങ്ങള്‍തന്‍ 
നടുവില്‍ നടക്കുന്നു സൌമ്യനായി
തോളോടുതോള്‍ചേര്‍ന്നു സൌഹൃദം വീതിച്ചു
കപടത മറച്ചു നില്‍ക്കുന്നു
നീതി പണത്തിന്റെ മുന്നില്‍ മയങ്ങുന്നു,കണ്ണടയ്ക്കുന്നു
സത്യം മരിക്കുന്നു
നീറും മനസ്താപഭാണ്ഡമെന്‍ തോളിലെ ഭാരമായ് 
എന്നെ വലച്ചിടുമ്പോള്‍ ഞാനെന്നെ തിരയുന്നു
എത്രനാള്‍ ഞാനെന്റ സ്വത്വം തിരയണം
എത്രദൂരം നടക്കേണം
ഭിന്നവികാരങ്ങള്‍ കൂട്ടുകാരായെന്റെ മുന്നില്‍ നടക്കുന്നു
പിന്നിലൊളിക്കുന്നു, പിന്തിരിഞ്ഞോടുന്നു
കൂട്ടരേ, കത്തിപ്പടര്‍ത്തു തീജ്ജ്വാലകള്‍
കൂട്ടിക്കലര്‍ത്തുക എന്നേ ചിതകളില്‍
അല്ലായ്കില്‍ ഞാനെന്റെയുള്ളില്‍ പടരുന്ന 
തീജ്ജ്വാലതന്നിലേക്കൊന്നു ചാടട്ടെ,ഞാന്‍ നശിക്കട്ടെ
ഒരു പുനരുജ്ജീവനം,എന്‍ സത്വപൂരകം
വീണ്ടും ഒരുണര്‍ന്നെണീക്കല്‍
അതിനായി ഞാനെന്റെ സ്വത്വസത്യാന്വേഷണം
തുടരട്ടെയീമട്ടില്‍, സ്വസ്തി തേ സ്വസ്തി തേ
**************************************

വിശ്രമിക്കട്ടേ സ്വച്ഛം

ആദിമദ്ധ്യാന്തം ഞാനീ ചിപ്പികള്‍ക്കുള്ളില്‍ കാവ്യ-
ഭാവന നിറക്കുന്നു മായികഭ്രമത്തിനാല്‍
പിന്നെ ഞാനോരോ ചിപ്പി പൊട്ടിച്ചു കവിതതന്‍
മുത്തുകള്‍ തിരയുന്നു,കാത്തുകാത്തിരിക്കുന്നു.

വന്നതില്ലിതേവരെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
മിന്നിടും കവിതതന്‍ മാധുര്യനിഷ്യന്ദികള്‍
ഇല്ലെനിക്കതില്‍  തെല്ലു നൈരാശ്യമിരുട്ടില്‍ ഞാന്‍
അന്ധനായിരുട്ടിനേ തേടുകയല്ലോ നിത്യം

എന്നു ഞാനറിഞ്ഞീടും ജീവിതമിരുട്ടുപോല്‍
നീലമാണതിനുള്ളില്‍ ദൈന്യമീലിതഭാവം
ശൂന്യത കൈകള്‍നീട്ടി കാലത്തേ മറയാക്കി
രൂപഭാവങ്ങള്‍കാട്ടും,മര്‍ത്ത്യനെന്തറിയുന്നു!

അന്ത്യത്തിലൊരു സത്യം ശൂന്യത മാത്രം മാത്രം
പിന്‍‌തിരിഞ്ഞീടാന്‍ കാലം നല്‍കുകില്ലവസരം
മുന്നിലായപാരത,പിന്നിലോ നിസ്സംഗത
എന്നിലേക്കൊരു യാത്ര മാത്രമേ കരണീയം

ശൂന്യതതന്നില്‍ നോക്കി ശൂന്യതയളന്നു,നി-
സ്സംഗനായ് കഴിഞ്ഞീടാം ശൂന്യമീ കവിമനം
കാലത്തിന്‍ കോലായയില്‍ കോമാളിക്കവിവേഷ-
ക്കോലങ്ങളഴിച്ചു ഞാന്‍ വിശ്രമിക്കട്ടേ സ്വച്ഛം.

**********************************

1 comment:

  1. ദീപ കരുവാട്July 31, 2015 at 11:27 AM

    ഞാന്‍ ഓരോ കവിതയുംവായിച്ച് ആസ്വദിക്കുന്നു.

    ReplyDelete