Boxbe

Tuesday, April 20, 2010

വേണുഗാനം

ഒരു വേണുഗാനമായൊഴുകിവരുംഞാന്‍
ആരോമലാളേ നിന്നരുകില്‍
സ്വപ്നങ്ങളൂയലാടും നിന്‍ മനസ്സില്‍
സിന്ധുഭൈരവീരാഗമോ,ശ്രീരാഗമോ?

വാര്‍മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ചാലിച്ചീ-
മഞ്ജുളരൂപം മെനഞ്ഞതാരോ?
മഴവില്ലിന്‍ നാട്ടിലെ ശില്പിയാണോ?
മാരന്റെ കൈനഖജാലമാണോ?

ചിത്രമയൂരമായ് പീലിനീര്‍ത്തിയെന്റെ
ചിത്തത്തില്‍ രാഗലയങ്ങള്‍ ചാര്‍ത്തി
എന്മനോവീണയില്‍ നീയുയര്‍ത്തീടുന്ന
നാദങ്ങള്‍ മോഹനരാഗമല്ലേ?

*******************************

Sunday, April 18, 2010

സ്വാമിശരണം

സ്വാമിശരണം
***************
ശരണം ശരണം ശബരിഗിരീശാ
ശങ്കരനന്ദന ശരണം
ഹരിഹരനന്ദന,കരിമുഖസോദര
ശരണം തവ പദകമലം..സ്വാമീ..
ശരണം തവപദകമലം

ജനിമൃതിദുഖച്ചുമടുകളാകും
ഇരുമുടിയേന്തിവരുമ്പോള്‍
ശരണാഗതസംരക്ഷക നിന്നുടെ
ചരണം ശരണം സ്വാമീ....
ചരണം ശരണം മമ ശരണം

മകരവിളക്കാം മംഗളദീപം
മലയില്‍ പ്രഭചൊരിയുമ്പോള്‍
മാമലവാസാ...ശ്രീമണികണ്ഠാ...
മനസ്സില്‍ നീ നിറയേണം..സ്വാമീ..
മനസ്സില്‍ നീ നിറയേണം....

*****************************

Monday, April 12, 2010

വൈശാഖശോഭ


സ്വര്‍ണ്ണപ്പൂക്കളാതാകെവിടര്‍ത്തി
കൊന്നയൊരുത്സവശോഭയൊരുക്കി
മാമലനാടിന്‍ കര്‍ഷകമനസ്സില്‍
കേളിയുയുയര്‍ന്നൂ,പാടമുണര്‍ന്നൂ
നിരനിരയായിത്തരുനിരയെല്ലാം
മരതകശോഭയിലിളകും നേരം
കളരവമൊഴിയാല്‍ കുയിലുകള്‍ ‍മാവില്‍
തെളിവൊടു മധുരം പാടീടുമ്പോള്‍
‘വിത്തും കൈക്കോട്ടും’താളത്തില്‍
വൈശാഖക്കിളിനീട്ടിപ്പാടി
ബാലകരെല്ലാം മാറ്റൊലി പാടി
“കള്ളന്‍ ചക്കേട്ടൂ,ചക്കിക്കൊച്ചമ്മേ
കണ്ടാ മിണ്ടേണ്ടാ,കൊണ്ടെത്തിന്നോട്ടേ”
മേടസ്സംക്രമവേളയിലിവിടീ-
മാടങ്ങളുമീ പൂക്കണിയണിയും
മേടപ്പൂക്കണിമോദത്തോടേ
ഉരുളിയിലമ്മയൊരുക്കു തുടങ്ങി
കൊന്നപ്പൂക്കുല,കണിവെള്ളരിയും
സ്വര്‍ണ്ണം,പലപലഫലമൂലാദികള്‍
ഉണ്ണിക്കണ്ണന്‍ തന്നുടെ രൂപം
വര്‍ണ്ണം ചേര്‍ത്തതു നടുവില്‍ വെച്ചു
അഞ്ചുദിശയ്ക്കും തിരികത്തിച്ചൂ
അഞ്ചിതശോഭയില്‍ ദീപമൊരുക്കി
കണ്ണും പൊത്തിക്കുട്ടികള്‍ വന്നാ-
വര്‍ണ്ണപ്പൂക്കണിക്കണ്ടു തൊഴുമ്പോള്‍
കൈനീട്ടവുമായച്ഛന്‍ വന്നു
വന്‍ നേട്ടത്തിനനുഗ്രഹമേകീ
:കൈനീട്ടം താ,കൈനീട്ടം താ”
നീട്ടിപ്പാടുംകിളികള്‍ക്കൊപ്പം
കൊട്ടും ഘോഷം തപ്പും തുടിയും
മുട്ടിവരുന്നൊരു തെയ്യക്കോലം
നാട്ടിന്‍ പട്ടിണിയാകെയകറ്റാന്‍
പാടീ പലവിധ പാട്ടും പദവും
നാവേര്‍പാടി ഗ്രഹപ്പിഴമാറ്റും
നാടോടികള്‍ തന്‍ നാദം കേള്‍പ്പൂ
മേടം മോടിയിലുണരും പുലരിയു-
മാനന്ദത്തിന്‍ പൂക്കണിയായീ
വൈശാഖത്തിന്‍ പൊന്നൊളി ചിതറി
കൈരളിയുത്സവലഹരിയില്‍ മുഴുകീ
മേടമൊരുങ്ങീ,പാടമൊരുങ്ങീ
നാടിന്‍ നന്മകളാകെയൊരുങ്ങീ
കാര്‍ഷികകേരളമാഘോഷത്തിന്‍
തോഷമുയര്‍ത്തും വിഷുവിന്‍ നാളില്‍
പാടാമൊന്നിച്ചുത്സവഗാനം
വൈശാഖത്തിന്‍ കര്‍ഷകഗീതം
സ്വര്‍ണ്ണപ്പൂക്കണി നമ്മുടെ മനസ്സില്‍
വര്‍ണ്ണമണിഞ്ഞു നിറഞ്ഞീടട്ടേ
വര്‍ഷം മുഴുവന്‍ സൌഭാഗ്യങ്ങള്‍
ഹര്‍ഷം വിതറാന്‍ വരമാവട്ടേ.

**************************

Sunday, April 11, 2010

പൊന്നാര്യന്‍

പൊന്നാര്യന്‍ പാടത്തെ പുന്നെല്ലു കൊയ്യുവാന്‍
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
താളത്തില്‍ ഈണത്തില്‍ പാട്ടുപാടിത്തരാന്‍
പെണ്ണുങ്ങള്‍ അഞ്ചാറു പേരു വേണം
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ (പൊന്നാര്യന്‍ ..........)

പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൂ പറിക്കാന്‍ പൂക്കൂടയേന്തി
ആരാരെല്ലാം വരണു്
ഇന്നാരാരെല്ലാം വരണു്
ആതിരപ്പെണ്ണു വരണു്... ഹൊ..ഹൊ...ഹൊ....ഹോയ്
ചിരുതേയിപ്പെണ്ണു വരണു്... ഹൊ...ഹൊ...ഹൊ...ഹോയ്
ആതിരപ്പെണ്ണു വരണു്,ചിരുതേയിപ്പെണ്ണു വരണു്
ആവണിക്കാറ്റും ആലിലത്തുമ്പിയും
ആടിയാടി വരണേ..കളിയാടി ആടി വരണേ
കളിയാടി ആടി വരണേ (പൊന്നാര്യന്‍ ...‍..)

മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
ആക്കയ്യില്‍ ഈക്കയ്യില്‍ ചെമ്പഴുക്കാ വെച്ച്
കാവില്‍ ആര് വരണേ കളിക്കാവില് ആര് വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
വണ്ണാത്തിപൈങ്കിളീം അണ്ണാറക്കണ്ണനും
നാവേറ് പാടാന്‍ വരണേ ഹോയ്
നാവേറ് പാടാന്‍ വരണേ (പൊന്നാര്യന്‍ ....)

********************

Saturday, April 10, 2010

പൊന്നോണം

ഉത്രാടപ്പുലരി പെണ്‍കൊടി
മുത്തുപ്പൂക്കുടയും ചൂടി
ഒന്നാനാംകുന്നില്‍ ഏറി വരുന്നേ
ഓണപ്പൂതുംപി വരുന്നേ
ഓണക്കളി ആടിവരുന്നേ
പൊന്നോണം പൂത്തിരുവോണം
വരവായല്ലോ .....ഹോയ്‌
മലനാട്ടിന്‍ ഉത്സവ കാലം
വരവായല്ലോ (....)

അത്തപ്പൂക്കൂടനിറഞ്ഞേ
ആവണിയും വന്നു കഴിഞ്ഞേയ്
പാടത്തെ പൈങ്കിളിയാളെ
മാവേലിത്തമ്പ്രാന്‍ വരണേയ്‌
പൂവിളിയും താളവുമായി-
ട്ടെതിരെല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (....)

തുമ്പപ്പൂക്കുടങ്ങള്‍ ഏന്തി
പൂംപുലരി പെണ്ണ് വരുന്നേയ്‌
വര്‍ണപ്പൂക്കൂടയുമായി
പാടത്തെപൈങ്കിളി വന്നേയ്
പൂവിളി തന്‍ താളമുണര്‍ന്നേയ്
മണിവില്ലിന്‍ നാദമുയര്‍ന്നേയ്
നിറപറയും ദീപവുമായി-
ട്ടെതിരേല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (......)

Friday, April 9, 2010

ഭോഗീന്ദ്രഭൂഷണ

ഭോഗീന്ദ്രഭൂഷണ ശ്രീ പരമേശ്വരാ
ഭോലാധിനാഥാ മമ പ്രണാമം
സര്‍വ്വാധിനായകാ സര്‍വ്വസംരക്ഷകാ
നിന്‍ പാദസേവനം ജന്മപുണ്യം
നിന്‍ പദപൂജനം ആത്മപുണ്യം

നിത്യവും നിന്നെ ഭജിക്കുന്ന മര്‍ത്ത്യന്നു
സിദ്ധിയും മുക്തിയും നല്കുവോനെ
സംഹാരമൂര്‍ത്തേ നമിക്കുന്നു നിന്നെ ഞാന്‍
ഇന്ദ്രാദിപൂജിതാ ഇന്ദുചൂഡാ
ചന്ദ്രാധിനായകാ പാഹിപാഹി

ആയിരം ആയിരം നാമക്ഷരങ്ങളാല്‍
ആശ്രിതവത്സലാ പൂജ ചെയ്യാം
ആനന്ദരൂപിയായെന്നും വിളങ്ങുന്ന
ആതങ്കനാശനാ പാഹിപാഹി
നാഗേന്ദ്ര ഭൂഷണ പാഹി പാഹി

Thursday, April 8, 2010

യമുനേ

യമുനേ തുയിലുണരൂ...
വൃന്ദാവനമേ തുയിലുണരൂ....
യദുകുലനാഥനെ തേടിത്തളരും
പ്രിയസഖി രാധിക ഞാന്‍ (....)


കാളിന്ദീനദിതീരവിഹാരി..
കാതരയായിവളലയുന്നു...
കാര്‍മുകില്‍ വര്‍ണ്ണാ കണ്ണാ....
നിന്‍ പ്രിയരാധികയല്ലോ ഞാന്‍ (.....)


നിന്‍ മണിമുരളീനാദം കേള്‍ക്കാന്‍
നിന്‍ മാറില്‍ ലതയായ് പടരാന്‍
നിന്‍‌ മടിയില്‍ തലചായ്ച്ച് മയങ്ങാന്‍
വന്നൂ നിന്‍പ്രിയ സഖി രാധ (....)