Boxbe

Monday, April 12, 2010

വൈശാഖശോഭ


സ്വര്‍ണ്ണപ്പൂക്കളാതാകെവിടര്‍ത്തി
കൊന്നയൊരുത്സവശോഭയൊരുക്കി
മാമലനാടിന്‍ കര്‍ഷകമനസ്സില്‍
കേളിയുയുയര്‍ന്നൂ,പാടമുണര്‍ന്നൂ
നിരനിരയായിത്തരുനിരയെല്ലാം
മരതകശോഭയിലിളകും നേരം
കളരവമൊഴിയാല്‍ കുയിലുകള്‍ ‍മാവില്‍
തെളിവൊടു മധുരം പാടീടുമ്പോള്‍
‘വിത്തും കൈക്കോട്ടും’താളത്തില്‍
വൈശാഖക്കിളിനീട്ടിപ്പാടി
ബാലകരെല്ലാം മാറ്റൊലി പാടി
“കള്ളന്‍ ചക്കേട്ടൂ,ചക്കിക്കൊച്ചമ്മേ
കണ്ടാ മിണ്ടേണ്ടാ,കൊണ്ടെത്തിന്നോട്ടേ”
മേടസ്സംക്രമവേളയിലിവിടീ-
മാടങ്ങളുമീ പൂക്കണിയണിയും
മേടപ്പൂക്കണിമോദത്തോടേ
ഉരുളിയിലമ്മയൊരുക്കു തുടങ്ങി
കൊന്നപ്പൂക്കുല,കണിവെള്ളരിയും
സ്വര്‍ണ്ണം,പലപലഫലമൂലാദികള്‍
ഉണ്ണിക്കണ്ണന്‍ തന്നുടെ രൂപം
വര്‍ണ്ണം ചേര്‍ത്തതു നടുവില്‍ വെച്ചു
അഞ്ചുദിശയ്ക്കും തിരികത്തിച്ചൂ
അഞ്ചിതശോഭയില്‍ ദീപമൊരുക്കി
കണ്ണും പൊത്തിക്കുട്ടികള്‍ വന്നാ-
വര്‍ണ്ണപ്പൂക്കണിക്കണ്ടു തൊഴുമ്പോള്‍
കൈനീട്ടവുമായച്ഛന്‍ വന്നു
വന്‍ നേട്ടത്തിനനുഗ്രഹമേകീ
:കൈനീട്ടം താ,കൈനീട്ടം താ”
നീട്ടിപ്പാടുംകിളികള്‍ക്കൊപ്പം
കൊട്ടും ഘോഷം തപ്പും തുടിയും
മുട്ടിവരുന്നൊരു തെയ്യക്കോലം
നാട്ടിന്‍ പട്ടിണിയാകെയകറ്റാന്‍
പാടീ പലവിധ പാട്ടും പദവും
നാവേര്‍പാടി ഗ്രഹപ്പിഴമാറ്റും
നാടോടികള്‍ തന്‍ നാദം കേള്‍പ്പൂ
മേടം മോടിയിലുണരും പുലരിയു-
മാനന്ദത്തിന്‍ പൂക്കണിയായീ
വൈശാഖത്തിന്‍ പൊന്നൊളി ചിതറി
കൈരളിയുത്സവലഹരിയില്‍ മുഴുകീ
മേടമൊരുങ്ങീ,പാടമൊരുങ്ങീ
നാടിന്‍ നന്മകളാകെയൊരുങ്ങീ
കാര്‍ഷികകേരളമാഘോഷത്തിന്‍
തോഷമുയര്‍ത്തും വിഷുവിന്‍ നാളില്‍
പാടാമൊന്നിച്ചുത്സവഗാനം
വൈശാഖത്തിന്‍ കര്‍ഷകഗീതം
സ്വര്‍ണ്ണപ്പൂക്കണി നമ്മുടെ മനസ്സില്‍
വര്‍ണ്ണമണിഞ്ഞു നിറഞ്ഞീടട്ടേ
വര്‍ഷം മുഴുവന്‍ സൌഭാഗ്യങ്ങള്‍
ഹര്‍ഷം വിതറാന്‍ വരമാവട്ടേ.

**************************

No comments:

Post a Comment