Boxbe

Saturday, October 20, 2012

തെല്ലുറങ്ങട്ടെ

തെല്ലുറങ്ങട്ടെ ഞാന്‍
 
വിപ്ലവംകത്തിക്കയറിയപ്പോള്‍ ചൊല്ലി
അച്ഛനൊരു ബൂര്‍ഷ്വാസി,അമ്മയൊരു മൂരാച്ചി
തീപ്പന്തമാണു ഞാന്‍ മാറി നില്‍ക്കു


ഇസങ്ങളരച്ചുകുടിച്ചു ഞാന്‍ ഗര്‍ജ്ജിച്ചു
ചൂഷണം സര്‍വ്വത്രചൂഷണം ഹാ
മാറ്റിമറിച്ചിടും ചട്ടങ്ങളെ


കൂടെപ്പഠിച്ചവര്‍ ഡിഗ്രിയും പീജിയും
പാസ്സായി ജോലിയായ്,എങ്കിലും ഞാന്‍
തെരുവില്‍ കൊടിപിടിച്ചിത്രനാളും

 
കൂട്ടമായ് പോകുന്നവര്‍ക്കുമുന്നില്‍ കേറി
ഉശിരോടെ വിപ്ലവഗാഥപാടി
അവര്‍ മെല്ലെ പലവഴിപിരിഞ്ഞുപോയി

 
നേതാവായില്ല ഞാന്‍,നീതി ലഭിച്ചില്ല
പാര്‍ട്ടി കൈവിട്ടു ഞാനൊറ്റയായി
വിപ്ലവം മങ്ങിത്തളര്‍ന്നുപോയി


ഇന്നു ഞാന്‍ ജീവിതസന്ധ്യയില്‍ പ്രാരാബ്ധ-
ഭാണ്ഡവും പേറി നടന്നിടുമ്പോള്‍
എന്‍ മകനെത്തുന്നു കൊടിയുമായി

എന്തു ഞാന്‍ ചൊല്ലണമെന്‍ പിതാവോതിയ
സിദ്ധാന്തമെങ്ങനെ ചൊല്ലിടും ഞാന്‍
ഞാനൊരു ബൂര്‍ഷ്വാസിയാവുകില്ലേ

അന്നുഞാന്‍ ചൊല്ലിയ വാക്കുകളൊക്കെയെ
ന്നച്ഛനുമമ്മയും കേട്ടപോലെ
കേള്‍ക്കുവാന്‍ വയ്യ,തെല്ലുറങ്ങട്ടെ ഞാന്‍.
***********************************

Saturday, September 29, 2012

കവിതേ..

കവിതേ

കവിതേ,മാതാവേ നിന്‍ കൈകളിലിവനെന്നും
കാമ്യസൌരഭ്യം ചാര്‍ത്തി ചേര്‍പ്പു ഞാന്‍ ഹൃദയത്തില്‍
നിന്നുടെ തലോടല്‍ ഞാനെത്രമേല്‍ കൊതിക്കുന്നു-
വെന്നു നീയറിയുന്നതെന്നുടെ മഹാഭാഗ്യം

നിന്നുടെ പാദസ്പര്‍ശമങ്കിതമായെന്‍ ഹൃത്തി-
ലല്ലലിന്‍ കണികകള്‍ മെല്ലവേയൊഴിയുന്നൂ
അല്ല,ഞാനെന്തേ ചൊല്‍‌വാന്‍ നിന്നുടെ മായാജാല-
മല്ലയോ കദനത്തിന്‍ ജ്വാലയേ കെടുത്തുന്നൂ

മന്ദമാരുതന്‍ വന്നീ പൂവിനേ പുണരുമ്പോള്‍
സ്പന്ദമായുണരുന്നൂ നിന്നിലേ മരന്ദങ്ങള്‍
ഝില്‍ഝിലം ഝില്ലീനാദം കാട്ടരുവികള്‍ കല്ലില്‍
തുള്ളിയാര്‍ത്തുണര്‍ത്തുമ്പോള്‍ കാണ്മു നിന്‍ തിരനോട്ടം

നീലിമയേറും രാവില്‍ പൌര്‍ണ്ണമി ചിരിതൂകി
പാരിലേയ്‌ക്കൊഴുക്കുന്നൂ പൂനിലാവാകും കാവ്യം
നേര്‍ത്തതൂമഞ്ഞിന്‍കണം മന്നിലേയ്‌ക്കടരുമ്പോള്‍
മൂര്‍ത്തമാമൊരുഭാവം കാവ്യമായ് മാറും ഹൃത്തില്‍

അമ്മതന്‍ മുഖം നോക്കിയവ്യക്തശബ്ദങ്ങളില്‍
കൊഞ്ചുന്ന കിടാവിനേ നെഞ്ചോടു ചേര്‍ക്കും നേരം
മാതൃവാത്സല്യം മാറില്‍ പൂര്‍ണ്ണമായ് തുടിക്കുമ്പോള്‍
സ്തന്യമായൊഴുകുന്നൂ കവിതേ നിന്‍ മാതൃത്വം.

വീഥിയില്‍ വൃഥാ ഭിക്ഷതെണ്ടിടും ദരിദ്രന്റെ
വ്യാധിയിലുണരുന്നെന്നാര്‍ദ്രമാം കവിഭാവം
തുട്ടിനായ് കൈ നീട്ടുന്ന കുട്ടികള്‍ പാടീടുന്ന
പാട്ടിലും തുടിക്കുന്നൂ  കവിതേ നിന്‍ ദുഃഖങ്ങള്‍

ആരിലും കരുണാര്‍ദ്രരാഗഭാവങ്ങള്‍ ചിന്നി
മിന്നിടും കാവ്യങ്ങളില്‍ ജന്മസാഫല്യം ധന്യം
എന്നുമെന്‍ ഹൃദയത്തില്‍ പൊന്നൊളി പടര്‍ത്തീടും
ദീപമായ് തെളിവോടെന്‍ കാവ്യമേ കളിയാടൂ.

**************************************************


Tuesday, August 21, 2012

അമ്മയും തേന്മാവും

          അമ്മയും തേന്മാവും.
തൊടിയിലേ തേന്മാവിന്‍ ചുവടിലായാഞ്ഞാഞ്ഞു
മഴുവീണനേരമെന്‍ മനസ്സു തേങ്ങി
പലകാലമായെന്റെ ബാല്യകാലംതൊട്ടു
തണല്‍തന്ന മാവിനിന്നന്ത്യമായി
ഒരു ജഡമായ് അമ്മ ഇങ്ങനീ കട്ടിലില്‍
ശുഭയാത്രയായിക്കിടന്നിടുമ്പോള്‍
പോയകാലത്തിലേ നന്മതന്‍ ഓര്‍മ്മകള്‍
ആമന്ദം എന്നിലേക്കോടിയെത്തി

ആ നല്ലകാലത്തില്‍ അമ്മ നന്മക്കായി
വളമേകി നന്നായ് വളര്‍ത്തിടുമ്പോള്‍
ആത്മാവിലാ മാവോ ആ മാവിലാത്മാവോ
അമ്മയ്‌ക്കു ചൊല്ലുവാനായതില്ല
അത്രയ്ക്കു സൌഹൃദം നല്‍കിയാമാവിനേ
അമ്മയെന്നാളും വളര്‍ത്തിവന്നു
വളരും മുറയ്ക്കതു മധുരമാം തേന്‍ഫലം
മടിയാതെ ഞങ്ങള്‍ക്കു നല്‍കിവന്നു

മാവിന്റെ ചില്ലമേലൂഞ്ഞാലുകെട്ടി ഞാ‍ന്‍
നന്ദമായാടിക്കളിച്ചിരുന്നു
മാധുര്യമേറുന്ന വാക്കുകളോടമ്മ
മാമുണ്ണുവാനായ് വിളിച്ചിരുന്നു
മാമ്പഴമാധുരിയേകിയാ മാ‍വും എന്‍
ആനന്ദമെന്നും വളര്‍ത്തിവന്നു
അമ്മതാന്‍ ഈ മരമെന്നോര്‍ത്തു മാനസം
നന്മയിലെന്നും തുടിച്ചിരുന്നു.

അമ്മ പോയീടുന്നു,നന്മയായ് നിന്നൊരാ
തേന്മാവുമിന്നിതാ പോയിടുന്നു
നന്മയും നന്മയും ചേര്‍ന്നു സ്വര്‍ഗ്ഗത്തിന്റെ
വന്മതില്‍ക്കെട്ടിന്നകത്തു ചെല്ലും
അമ്മതന്നാത്മാവിലാലിംഗനം ചെയ്തു
മേന്മയില്‍ മാവും പടര്‍ന്നുനില്‍ക്കും

തെക്കേപറമ്പിലെ ചിതയിലെന്നമ്മയ്ക്കു
മുക്തി നല്‍കാനായ് മുറിച്ചമാവിന്‍
മുട്ടികള്‍ കത്തിക്കുതിച്ചുയരും നേരം
ഇത്തരം ചിന്തകള്‍ പൊന്തിടുമ്പോള്‍
അമ്മതന്നോര്‍മ്മയും നന്മതന്‍ തേന്മാവും
ഉണ്മയായെന്നില്‍ വിതുമ്പി നില്‍പ്പൂ.
**************************************

Sunday, June 17, 2012

വലയുയരുമ്പോള്‍

വലയുയരുമ്പോള്‍.

അലകടലലറിവരുമ്പോള്‍ ഞാനൊരു
വലയും പേറിയിരുന്നൂ
അലകടലേകൂം സമ്പത്തെല്ലാം
വലയിലൊതുക്കാമോര്‍ത്തൂ

അവിടെക്കോരീട്ടിവിടെക്കോരീ-
ട്ടെല്ലായിടവും കോരിയലഞ്ഞി-
ട്ടൊന്നും കിട്ടാതുഴറുന്നവരുടെ
അലമുറയോര്‍ത്തു രസിച്ചൂ

അലയാഴിയിലെ പവിഴദ്വീപി-
ന്നധിപതി ഞാനെന്നോര്‍ത്തൂ
അടിയാരൊക്കെയുമടിപണിയുന്നോ-
രരചന്‍ ഞാനെന്നോര്‍ത്തൂ

അങ്ങനെ ‘ഞാനാം ഞാന്‍‘ വളരുമ്പോള്‍
ഉലകില്‍ ‘ഞാന്‍‘ നിറയുമ്പോള്‍
അലമായ് നലമായന്ത്യത്തില്‍ വല-
യുയരുന്നതു ഞാന്‍ കണ്ടു

വലതന്‍ കണ്ണികള്‍ മുറുകുന്നു
ഞാന്‍ വലയുന്നൂ,ഞാനുലയുന്നൂ
വലയില്‍പ്പെട്ടു വലഞ്ഞു പിടഞ്ഞു
തുലഞ്ഞതു “ഞാനാം ഞാനേ”.
*******************************

Friday, June 15, 2012

മുക്കുറ്റിപ്പൂവേ

മുക്കുറ്റിപ്പൂവേ
എന്റെ മുറ്റത്തിന്റെയോരത്തു നില്‍ക്കുന്ന
സുന്ദരിയാം കൊച്ചു കാട്ടുപൂവേ
വാരുറ്റപൂക്കളിന്നാടിക്കളിക്കവേ
നാണിച്ചു നില്‍ക്കുവാന്‍ കാര്യമെന്തേ?

നിന്നിലുമില്ലേ സുഗന്ധവും രാഗവും
തെന്നലിന്നേകുവാന്‍ കൊച്ചുപൂവേ
തേടിയെത്തും കരിവണ്ടിന്നു നല്‍കുവാന്‍
തൂമധുവില്ലയോ വേണ്ടുവോളം?

തെറ്റിയും ചെമ്പനീര്‍പ്പൂവും കളിക്കുന്ന
മുറ്റത്തുനില്‍ക്കുവാന്‍ നാണമണോ?
ആ വര്‍ണ്ണസൂനങ്ങളൊന്നിച്ചുനില്‍ക്കവേ
നീയിന്നവര്‍ണ്ണയോ?,ചൊല്ലു പൂവേ

ദൈവസങ്കല്പത്തിലോരോ പ്രസൂനവും
തുല്യരായ് ത്തന്നേ ലസിച്ചിടേണം
വാടാതെയാടിക്കളിക്കുകെന്നോമനേ
മുക്കുറ്റിപ്പൂവേ മണിത്തിടമ്പേ.
*********************************

Monday, June 11, 2012

എന്റെ കവിത.





എന്റെ കവിത
.

“കവിതയ്ക്കിന്നെന്തുണ്ടു സന്ദേശമുയര്‍ത്തീടാന്‍”
ഉതിരും ചോദ്യം കേട്ടാലുത്തരമെന്തോതേണ്ടൂ ?
ചൊല്ലീടാമെനിക്കില്ല തെല്ലു സന്ദേശം നല്‍കാന്‍
പൊന്തീടും വികാരത്തിന്‍ സ്പന്ദമാണല്ലോ കാവ്യം.

എന്തിനായ് കുറിക്കുന്നീ കാവ്യബിന്ദുക്കളോര്‍ത്താല്‍
എന്തിതിന്നന്ത്യോദ്ദേശ്യം? ചൊല്ലുവാനശക്തനാം
അന്തരാത്മാവിന്നുള്ളില്‍ തിങ്ങിടും വികാരങ്ങള്‍
ബിന്ദുക്കളായിക്കൂടി ഭാവമായ് തീര്‍ന്നീടുന്നു

തൂലികത്തുമ്പില്‍ നിന്നും ഭാവങ്ങളോരോന്നായി
താളിലേക്കൊഴുകുന്നൂ,കാവ്യമായ് മാറീടുന്നൂ
തൂലിക പടവാളായ് മാറ്റിയ കവീന്ദ്രര്‍ തന്‍
ഭാവങ്ങളെനിക്കില്ല,വിപ്ലവമല്ലെന്‍ ലക്ഷ്യം

ലോകരേ നന്നാക്കാനായ് മുന്നമേ പാടീ ചിലര്‍,
ലോകരോ നന്നായില്ലാ മണ്ടരായ് കവീന്ദ്രന്മാര്‍
മണ്ടത്തമാവര്‍ത്തിക്കും മണ്ടനല്ലല്ലോ,ഞാനീ-
ചെണ്ടുകള്‍ വിടര്‍ത്തട്ടേ,വണ്ടുകള്‍ നുകരട്ടേ

തെല്ലു സന്തോഷം‌പൂണ്ടാ വണ്ടുകള്‍ പറന്നെങ്കില്‍
തള്ളിടും സന്തോഷത്താലെന്‍ മനം കൊണ്ടാടീടും
ദുഃഖത്തിലൊരു കുളിര്‍ത്തെന്നലായ് മാറാന്‍ മാത്രം
ഒത്തുചേരട്ടേ ഞാനെന്‍ കാവ്യദേവതയ്ക്കൊപ്പം

എന്നുടെ കാവ്യങ്ങളില്‍ വിപ്ലവം തേടും ചിലര്‍,
എന്നുടെ കാവ്യങ്ങളില്‍ ദുഃഖവും തേടും ചിലര്‍
സൌന്ദര്യം കാണുംചിലര്‍,സത്യവും കാണും ചിലര്‍
എങ്കിലോയിവയെല്ലാം ചേര്‍ന്നാലെന്‍ കവിതയാം

ലക്ഷ്യങ്ങള്‍ പലതുണ്ടാമെങ്കിലും സന്തോഷത്തിന്‍
പക്ഷങ്ങള്‍ വിടര്‍ത്തിയെന്‍ കാവ്യനീഡജം പാറും
മര്‍ത്ത്യനാമോദം നല്‍കാനല്ലെങ്കിലായെന്തിന്നായീ
കോര്‍ക്കണം ബദ്ധപ്പെട്ടീ കാവ്യമാം കുസുമങ്ങള്‍?

കണ്ണിലും കരളിലും കാവ്യമായ് മാറീടുന്ന
വര്‍ണ്ണചിത്രങ്ങള്‍തേടി മന്നില്‍ ഞാനലഞ്ഞിടും
പിന്നെയാ വര്‍ണ്ണ്യങ്ങളേ വര്‍ണ്ണിക്കാന്‍ ചലിക്കുമെന്‍
തൂലികത്തുമ്പെന്നാളും,ദുഃഖമേ ദൂരെപ്പോകൂ

തൂയമാം സന്തോഷത്തില്‍ തൂലികത്തുമ്പില്‍ നിന്നും
കാമ്യമായുയരട്ടേ കാവ്യങ്ങളോരോന്നായി
ഇറ്റു സന്തോഷം നിങ്ങള്‍ക്കിന്നതില്‍ ലഭിക്കുകില്‍
തുഷ്ടനായ് ഞാനും പാടും”സഫലം ഹാ ഈ യാത്ര”.
*********************************************

Thursday, May 24, 2012

പറയാത്ത വാക്കു്

പറയാത്ത വാക്കു്.

വാക്കുകളൊക്കെയെന്‍ മാറാപ്പിലാക്കി ഞാന്‍
വഴിയാത്ര തുടരുന്നു മൌനമായി
അതില്‍നിന്നൊരു വാക്കുമാത്രം നിനക്കായി
ഹൃദയത്തില്‍ ഞാനന്നൊളിച്ചു വെച്ചു
ഒരു നാളില്‍ നമ്മളാ തൊടിയിലെ മലര്‍നുള്ളി
കളിയാടിയോടി നടന്നകാലം
അറിയാതുണര്‍ന്നൊരാ വാക്കിന്റെ മാധുര്യം
ഇതളിട്ടു നല്‍കിയാ ബാല്യകാലം
കതിരിട്ട യൌവനം നിന്‍‌നീലമിഴികളില്‍
കനവുകള്‍ നെയ്യുന്ന മധുരയാമം
അറിയാതെയറിയാതെ നിന്‍‌മോഹമെന്നോടു
മൃദുലമായ് മൊഴിയുന്നാ വാക്കു മൌനം
ചിറകുമുളച്ചൊരാ സ്വപ്നാക്ഷരങ്ങളെന്‍
ഹൃദയം നിനക്കായൊളിച്ചു വെച്ചു
പറയില്ലതേതാണു വാക്കെന്നു നിന്നോടു
പറയാത്തവാക്കിനേ മധുരമേറൂ
പറയാത്ത വാക്കിനേ മധുരമേറൂ.
****************************************

Saturday, May 19, 2012

പ്രിയതോഴീ..


പ്രിയതോഴീ...
ഒരുപിടി സ്വപ്നങ്ങള്‍തന്‍ മുത്തുകള്‍ യുവത്വത്തിന്‍
ലഹരിയില്‍ കൊരുത്തു ഞാന്‍ മെല്ലവേ അലയുമ്പോള്‍
അരികില്‍ നീയെത്തീ വശ്യം നിന്നുടെ ചിരിയിലാ
പ്രണയത്തിന്‍ മധുമാരി ചൊരിയുമാ സ്വരം കേട്ടൂ

ഒരു വാക്കും പ്രേമാര്‍ദ്രമായ് ചൊല്ലിയില്ലിവനോടു
പറയാതെ പറഞ്ഞൊരാ വാക്കു ഞാന്‍ കേട്ടൂ കാതില്‍
സിരകളിലൊരു മോഹം നീ പടര്‍ത്തുമ്പോളതില്‍
മതിമറന്നൊരു രാഗബിന്ദുവായലിഞ്ഞു ഞാന്‍

പതിയേ ഞാനേകാകിയായീ മരുഭൂവില്‍ ജീവ-
സരണിയില്‍ ഭാഗ്യം തേടി നീളേയങ്ങലയുമ്പോള്‍
ആത്മാവിലനുരാഗലോലയായ് നീയേകിയ
മാസ്മരശക്തിയെന്നേ നയിച്ചൂ വിമൂകമായ്

‘വേര്‍പെടുമ്പോള്‍ സ്നേഹം വേറിട്ടുപോയീടു’മാ
നീറുന്ന സത്യം വൈകിയേറെഞാനറിഞ്ഞപ്പോള്‍
ആരേയും പഴിചൊല്ലാന്‍ തോന്നിയില്ലിവനില്‍ നീ
ജീവന്റെ ജീവസ്പന്ദമായിരുന്നറിഞ്ഞു ഞാന്‍

ആയിരം ജന്മം വീണ്ടും ഭൂവില്‍ നാം ജനിച്ചേക്കാം
ആയിരം പ്രേമോദാരപുഷ്പങ്ങള്‍ വിരിഞ്ഞേക്കാം
നമ്മളീ ചരിത്രങ്ങളാവര്‍ത്തിച്ചേക്കാം വീണ്ടും
നഷ്ടസ്വപ്നങ്ങള്‍ നല്‍കി മെല്ലെ നീയകന്നേക്കാം

എങ്കിലും സ്വപ്നത്തിന്റെ മുത്തുകള്‍ പെറുക്കി ഞാന്‍
വിണ്ണീലേക്കെറിയുന്നൂ നിനക്കായ് പ്രിയതോഴീ
ജന്മങ്ങള്‍ കൊഴിഞ്ഞാലും മുത്തുകള്‍ നക്ഷത്രമായ്
മിന്നിടും നിന്നേ നോക്കി ജന്മജന്മാന്തത്തിലെല്ലാം

അന്നു നീയറിയേണം നിസ്തുലപ്രേമം മിന്നും
മുത്തുപോല്‍ നക്ഷത്രമായ്,എന്‍ പ്രേമപ്രതീകമായ്
നിനക്കായ് തുടിച്ചൊരു ഹൃത്തിലേ പ്രേമത്തിന്റെ
സ്പന്ദങ്ങളല്ലോ മിന്നി മിന്നിനില്‍ക്കുന്നൂ വാനില്‍
ഒരു നാള്‍ നീയെത്തീടും മിന്നി നിന്നീടും ചാരേ
അതിനായ് യുഗാന്തരം കാത്തുനിന്നീടാം ദൂരേ.

*****************************

Thursday, May 17, 2012

കുരുക്ഷേത്രേ..

കുരുക്ഷേത്രേ...

വീണ്ടുമീ കുരുക്ഷേത്രഭൂമിയില്‍ തലതാഴ്ത്തി
മൂകനായിരിക്കുവാന്‍ കാരണമെന്തേ,പാര്‍ത്ഥാ
ഗീതതന്‍ സാരം സര്‍വ്വം നിനക്കായ് രണഭൂവില്‍
ഓതിയോരിവനേയും നീ മറന്നെന്നോ,ചൊല്ലൂ

‘ഭൂവിതില്‍ ദുരാചാരം പെരുകും നേരത്തെല്ലാം
ഞാനുടനവതാരം ചെയ്തിടും‘പറഞ്ഞു ഞാന്‍
എങ്കിലും നീയാണെന്നുമീ ഭുവി ധനുസ്സേന്തി
സംഗരേ,യടരാടാന്‍ വന്നതെന്നറിക നീ

മന്നിലിന്നധികാരമാളുന്ന പലരിലും
കൌരവര്‍ വിലസുന്നൂ,ദുര്‍മ്മദം തുളുമ്പുന്നൂ
സോദരരുടെ സ്വത്തു കൈയടക്കുന്നൂ,തെല്ലു
ഖേദമില്ലാതേ ധനം ധൂര്‍ത്തടിക്കുന്നൂ നിത്യം

പീഡനമൊരു ദിവ്യപര്‍വ്വമായ് മാറീടുന്നൂ
ആടകളുരിയുന്നൂ,ദ്രൌപദി കരയുന്നൂ
കീചക,ദുശ്ശാസനപ്രൌഢരീ പര്‍വ്വത്തിലേ
നായകപദമേറി നീതിയേ തകര്‍ക്കുന്നു

ഭാരതം ഭരിക്കുവാന്‍ ഭാരമേല്‍ക്കുന്നോര്‍,പാവം
ഭാരതമക്കള്‍ക്കെന്നും ഭാരമായ് മാറീടുന്നൂ
വെള്ളക്കാര്‍ പോയെന്നാലും ഭാരതമണ്ണിന്‍ ഭാഗ്യം
കൊള്ളക്കാര്‍ കൈയാളുന്നൂ,പൌരരോ ഹതഭാഗ്യര്‍

പുത്തനാം കരങ്ങള്‍ വന്നെത്തുന്നൂ,കരം കെട്ടി
മര്‍ത്ത്യരിന്നുഴലുന്നൂ നിത്യവൃത്തിക്കായെന്നും
ഹസ്തിനപുരിതന്നില്‍ പത്തികളുയരുമ്പോള്‍
ഹൃത്തിലൊരപഭംഗം വന്നിടാന്‍ തരമെന്തേ

ഭാരതീയരേ,നിങ്ങള്‍ അര്‍ജ്ജുനന്മാരായ് തീവ്രം
പോരിനാലനീതിയേ തച്ചുടച്ചുയരുക
അര്‍ജ്ജുനന്മാരേ,കുരുക്ഷേത്രഭൂമിയില്‍ സിംഹ-
ഗര്‍ജ്ജനം മുഴക്കുക,ഗാണ്ഡീവമെടുക്കുക

വര്‍ഗ്ഗവും വര്‍ണ്ണങ്ങളും കക്ഷിരാഷ്ട്രീയം മത-
മൌലികവാദം പൂര്‍ണ്ണം വേര്‍തിരിച്ചെറിയുക
കോര്‍ക്കുക കൈകള്‍,നിങ്ങളൊന്നുചേര്‍ന്നൊന്നാണെന്ന-
തോര്‍ക്കുക,അനീതികള്‍ വേരറുത്തെറിയുക

ഉണരൂ പാര്‍ത്ഥന്മാരേ,ഉണര്‍ന്നൂ കുരുക്ഷേത്രം
തുണയായ് സ്ഥൈര്യത്തിന്റെ കൃഷ്ണനുണ്ടല്ലോ ഹൃത്തില്‍
വിജയം നിങ്ങള്‍ക്കുണ്ടാം,നിങ്ങളോ ധനുര്‍ദ്ധരര്‍
വിജയം കുരുക്ഷേത്രേ വിജയന്മാര്‍ക്കാണോര്‍ക്കൂ.

*********************************

Monday, April 30, 2012

കൊക്കരക്കോ..മിനികഥ)

കൊ..ക്ക..ര..ക്കോ


മടുത്തു..

ജസ്റ്റീസ് മേനോനു തീരെ മടുത്തു..

പെന്‍ഷന്‍ പറ്റിയിട്ടു ഏതാനും ആഴ്ചകളേ ആയിട്ടുള്ളു.വീട്ടില്‍ ഏകാന്തത
തന്നെ.അവ്യക്തമായ ഒരു അന്യഥാബോധം മനസ്സിനെ വല്ലാതെ
പിടികൂടിയിരിക്കുന്നു.തന്നെ ആരും കാര്യമായി
കണക്കാക്കുന്നില്ല.ഭാര്യയെങ്കിലും ഇപ്പോള്‍ ആശ്വാസമായി
വീട്ടിലുണ്ടായിരിക്കേണ്ടതാണു്.എന്നാല്‍ അവള്‍...വിമന്‍സ്
ക്ലബ്ബില്‍...കെന്നല്‍ ക്ലബ്ബില്‍..ഫാഷന്‍ ഷോയില്‍...അവള്‍ക്കും
മക്കള്‍ക്കും താന്‍ പഴഞ്ചനല്ലേ...മോഡേണ്‍ ഔട്ട് ലുക്കില്ലാത്ത അറുപഴഞ്ചന്‍.

കൊ..ക്ക..ര..ക്കോ..

മേനോന്‍ ഞെട്ടിപ്പോയി.മുറ്റം നിറയെ കോഴികള്‍...പിടക്കോഴികള്‍..കുഞ്ഞുങ്ങള്‍.അധികാരിയായി,നായകനായി തലയുയര്‍ത്തി പ്രാമാണ്യം സ്ഥാപിച്ചു പൂവന്‍.അവന്‍ തല ചെരിച്ചു  മേനോനെ പുച്ഛത്തില്‍നോക്കി.പിടക്കോഴിയും കുഞ്ഞുങ്ങളും ചുറ്റിനുമുണ്ടു്.പൂവന്‍ ചിറകടിച്ചു തന്റെ ആധിപത്യം ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു...കൊ..ക്ക..ര...ക്കോ..ആ ശബ്ദത്തില്‍
മേനോനൊരു സന്ദേശമുണ്ടായിരുന്നില്ലേ..
മേനോന്‍ പൂവനെ വീണ്ടും വീണ്ടും നോക്കി,അവന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചു.പെട്ടെന്നു അതു സംഭവിച്ചു....
മേനോന്റെ മുഖം ചുവന്നു.മുടി ഉയര്‍ന്നു വന്നു.മേനോന്‍ കസേരയില്‍ നിന്നും
ചാടി എഴുന്നേറ്റു.ക്ലബ്ബുകളില്‍നിന്നും തിരികെയെത്തിയ അമ്മയും മക്കളും ആ‍
കാഴ്ച കണ്ടു.
തിണ്ണയില്‍..മുന്നോട്ടാഞ്ഞു്..കഴുത്തു പുറകോട്ടു വലിച്ചു്..ജസ്റ്റീസ് മേനോന്‍..
ഉച്ചത്തില്‍..വീണ്ടും വീണ്ടും ഉച്ചത്തില്‍

“കൊ...ക്ക....ര....ക്കോ..,കൊ..ക്ക..ര..ക്കോ..””.
*****************************************************