Boxbe

Monday, June 11, 2012

എന്റെ കവിത.





എന്റെ കവിത
.

“കവിതയ്ക്കിന്നെന്തുണ്ടു സന്ദേശമുയര്‍ത്തീടാന്‍”
ഉതിരും ചോദ്യം കേട്ടാലുത്തരമെന്തോതേണ്ടൂ ?
ചൊല്ലീടാമെനിക്കില്ല തെല്ലു സന്ദേശം നല്‍കാന്‍
പൊന്തീടും വികാരത്തിന്‍ സ്പന്ദമാണല്ലോ കാവ്യം.

എന്തിനായ് കുറിക്കുന്നീ കാവ്യബിന്ദുക്കളോര്‍ത്താല്‍
എന്തിതിന്നന്ത്യോദ്ദേശ്യം? ചൊല്ലുവാനശക്തനാം
അന്തരാത്മാവിന്നുള്ളില്‍ തിങ്ങിടും വികാരങ്ങള്‍
ബിന്ദുക്കളായിക്കൂടി ഭാവമായ് തീര്‍ന്നീടുന്നു

തൂലികത്തുമ്പില്‍ നിന്നും ഭാവങ്ങളോരോന്നായി
താളിലേക്കൊഴുകുന്നൂ,കാവ്യമായ് മാറീടുന്നൂ
തൂലിക പടവാളായ് മാറ്റിയ കവീന്ദ്രര്‍ തന്‍
ഭാവങ്ങളെനിക്കില്ല,വിപ്ലവമല്ലെന്‍ ലക്ഷ്യം

ലോകരേ നന്നാക്കാനായ് മുന്നമേ പാടീ ചിലര്‍,
ലോകരോ നന്നായില്ലാ മണ്ടരായ് കവീന്ദ്രന്മാര്‍
മണ്ടത്തമാവര്‍ത്തിക്കും മണ്ടനല്ലല്ലോ,ഞാനീ-
ചെണ്ടുകള്‍ വിടര്‍ത്തട്ടേ,വണ്ടുകള്‍ നുകരട്ടേ

തെല്ലു സന്തോഷം‌പൂണ്ടാ വണ്ടുകള്‍ പറന്നെങ്കില്‍
തള്ളിടും സന്തോഷത്താലെന്‍ മനം കൊണ്ടാടീടും
ദുഃഖത്തിലൊരു കുളിര്‍ത്തെന്നലായ് മാറാന്‍ മാത്രം
ഒത്തുചേരട്ടേ ഞാനെന്‍ കാവ്യദേവതയ്ക്കൊപ്പം

എന്നുടെ കാവ്യങ്ങളില്‍ വിപ്ലവം തേടും ചിലര്‍,
എന്നുടെ കാവ്യങ്ങളില്‍ ദുഃഖവും തേടും ചിലര്‍
സൌന്ദര്യം കാണുംചിലര്‍,സത്യവും കാണും ചിലര്‍
എങ്കിലോയിവയെല്ലാം ചേര്‍ന്നാലെന്‍ കവിതയാം

ലക്ഷ്യങ്ങള്‍ പലതുണ്ടാമെങ്കിലും സന്തോഷത്തിന്‍
പക്ഷങ്ങള്‍ വിടര്‍ത്തിയെന്‍ കാവ്യനീഡജം പാറും
മര്‍ത്ത്യനാമോദം നല്‍കാനല്ലെങ്കിലായെന്തിന്നായീ
കോര്‍ക്കണം ബദ്ധപ്പെട്ടീ കാവ്യമാം കുസുമങ്ങള്‍?

കണ്ണിലും കരളിലും കാവ്യമായ് മാറീടുന്ന
വര്‍ണ്ണചിത്രങ്ങള്‍തേടി മന്നില്‍ ഞാനലഞ്ഞിടും
പിന്നെയാ വര്‍ണ്ണ്യങ്ങളേ വര്‍ണ്ണിക്കാന്‍ ചലിക്കുമെന്‍
തൂലികത്തുമ്പെന്നാളും,ദുഃഖമേ ദൂരെപ്പോകൂ

തൂയമാം സന്തോഷത്തില്‍ തൂലികത്തുമ്പില്‍ നിന്നും
കാമ്യമായുയരട്ടേ കാവ്യങ്ങളോരോന്നായി
ഇറ്റു സന്തോഷം നിങ്ങള്‍ക്കിന്നതില്‍ ലഭിക്കുകില്‍
തുഷ്ടനായ് ഞാനും പാടും”സഫലം ഹാ ഈ യാത്ര”.
*********************************************

Thursday, May 24, 2012

പറയാത്ത വാക്കു്

പറയാത്ത വാക്കു്.

വാക്കുകളൊക്കെയെന്‍ മാറാപ്പിലാക്കി ഞാന്‍
വഴിയാത്ര തുടരുന്നു മൌനമായി
അതില്‍നിന്നൊരു വാക്കുമാത്രം നിനക്കായി
ഹൃദയത്തില്‍ ഞാനന്നൊളിച്ചു വെച്ചു
ഒരു നാളില്‍ നമ്മളാ തൊടിയിലെ മലര്‍നുള്ളി
കളിയാടിയോടി നടന്നകാലം
അറിയാതുണര്‍ന്നൊരാ വാക്കിന്റെ മാധുര്യം
ഇതളിട്ടു നല്‍കിയാ ബാല്യകാലം
കതിരിട്ട യൌവനം നിന്‍‌നീലമിഴികളില്‍
കനവുകള്‍ നെയ്യുന്ന മധുരയാമം
അറിയാതെയറിയാതെ നിന്‍‌മോഹമെന്നോടു
മൃദുലമായ് മൊഴിയുന്നാ വാക്കു മൌനം
ചിറകുമുളച്ചൊരാ സ്വപ്നാക്ഷരങ്ങളെന്‍
ഹൃദയം നിനക്കായൊളിച്ചു വെച്ചു
പറയില്ലതേതാണു വാക്കെന്നു നിന്നോടു
പറയാത്തവാക്കിനേ മധുരമേറൂ
പറയാത്ത വാക്കിനേ മധുരമേറൂ.
****************************************

Saturday, May 19, 2012

പ്രിയതോഴീ..


പ്രിയതോഴീ...
ഒരുപിടി സ്വപ്നങ്ങള്‍തന്‍ മുത്തുകള്‍ യുവത്വത്തിന്‍
ലഹരിയില്‍ കൊരുത്തു ഞാന്‍ മെല്ലവേ അലയുമ്പോള്‍
അരികില്‍ നീയെത്തീ വശ്യം നിന്നുടെ ചിരിയിലാ
പ്രണയത്തിന്‍ മധുമാരി ചൊരിയുമാ സ്വരം കേട്ടൂ

ഒരു വാക്കും പ്രേമാര്‍ദ്രമായ് ചൊല്ലിയില്ലിവനോടു
പറയാതെ പറഞ്ഞൊരാ വാക്കു ഞാന്‍ കേട്ടൂ കാതില്‍
സിരകളിലൊരു മോഹം നീ പടര്‍ത്തുമ്പോളതില്‍
മതിമറന്നൊരു രാഗബിന്ദുവായലിഞ്ഞു ഞാന്‍

പതിയേ ഞാനേകാകിയായീ മരുഭൂവില്‍ ജീവ-
സരണിയില്‍ ഭാഗ്യം തേടി നീളേയങ്ങലയുമ്പോള്‍
ആത്മാവിലനുരാഗലോലയായ് നീയേകിയ
മാസ്മരശക്തിയെന്നേ നയിച്ചൂ വിമൂകമായ്

‘വേര്‍പെടുമ്പോള്‍ സ്നേഹം വേറിട്ടുപോയീടു’മാ
നീറുന്ന സത്യം വൈകിയേറെഞാനറിഞ്ഞപ്പോള്‍
ആരേയും പഴിചൊല്ലാന്‍ തോന്നിയില്ലിവനില്‍ നീ
ജീവന്റെ ജീവസ്പന്ദമായിരുന്നറിഞ്ഞു ഞാന്‍

ആയിരം ജന്മം വീണ്ടും ഭൂവില്‍ നാം ജനിച്ചേക്കാം
ആയിരം പ്രേമോദാരപുഷ്പങ്ങള്‍ വിരിഞ്ഞേക്കാം
നമ്മളീ ചരിത്രങ്ങളാവര്‍ത്തിച്ചേക്കാം വീണ്ടും
നഷ്ടസ്വപ്നങ്ങള്‍ നല്‍കി മെല്ലെ നീയകന്നേക്കാം

എങ്കിലും സ്വപ്നത്തിന്റെ മുത്തുകള്‍ പെറുക്കി ഞാന്‍
വിണ്ണീലേക്കെറിയുന്നൂ നിനക്കായ് പ്രിയതോഴീ
ജന്മങ്ങള്‍ കൊഴിഞ്ഞാലും മുത്തുകള്‍ നക്ഷത്രമായ്
മിന്നിടും നിന്നേ നോക്കി ജന്മജന്മാന്തത്തിലെല്ലാം

അന്നു നീയറിയേണം നിസ്തുലപ്രേമം മിന്നും
മുത്തുപോല്‍ നക്ഷത്രമായ്,എന്‍ പ്രേമപ്രതീകമായ്
നിനക്കായ് തുടിച്ചൊരു ഹൃത്തിലേ പ്രേമത്തിന്റെ
സ്പന്ദങ്ങളല്ലോ മിന്നി മിന്നിനില്‍ക്കുന്നൂ വാനില്‍
ഒരു നാള്‍ നീയെത്തീടും മിന്നി നിന്നീടും ചാരേ
അതിനായ് യുഗാന്തരം കാത്തുനിന്നീടാം ദൂരേ.

*****************************

Thursday, May 17, 2012

കുരുക്ഷേത്രേ..

കുരുക്ഷേത്രേ...

വീണ്ടുമീ കുരുക്ഷേത്രഭൂമിയില്‍ തലതാഴ്ത്തി
മൂകനായിരിക്കുവാന്‍ കാരണമെന്തേ,പാര്‍ത്ഥാ
ഗീതതന്‍ സാരം സര്‍വ്വം നിനക്കായ് രണഭൂവില്‍
ഓതിയോരിവനേയും നീ മറന്നെന്നോ,ചൊല്ലൂ

‘ഭൂവിതില്‍ ദുരാചാരം പെരുകും നേരത്തെല്ലാം
ഞാനുടനവതാരം ചെയ്തിടും‘പറഞ്ഞു ഞാന്‍
എങ്കിലും നീയാണെന്നുമീ ഭുവി ധനുസ്സേന്തി
സംഗരേ,യടരാടാന്‍ വന്നതെന്നറിക നീ

മന്നിലിന്നധികാരമാളുന്ന പലരിലും
കൌരവര്‍ വിലസുന്നൂ,ദുര്‍മ്മദം തുളുമ്പുന്നൂ
സോദരരുടെ സ്വത്തു കൈയടക്കുന്നൂ,തെല്ലു
ഖേദമില്ലാതേ ധനം ധൂര്‍ത്തടിക്കുന്നൂ നിത്യം

പീഡനമൊരു ദിവ്യപര്‍വ്വമായ് മാറീടുന്നൂ
ആടകളുരിയുന്നൂ,ദ്രൌപദി കരയുന്നൂ
കീചക,ദുശ്ശാസനപ്രൌഢരീ പര്‍വ്വത്തിലേ
നായകപദമേറി നീതിയേ തകര്‍ക്കുന്നു

ഭാരതം ഭരിക്കുവാന്‍ ഭാരമേല്‍ക്കുന്നോര്‍,പാവം
ഭാരതമക്കള്‍ക്കെന്നും ഭാരമായ് മാറീടുന്നൂ
വെള്ളക്കാര്‍ പോയെന്നാലും ഭാരതമണ്ണിന്‍ ഭാഗ്യം
കൊള്ളക്കാര്‍ കൈയാളുന്നൂ,പൌരരോ ഹതഭാഗ്യര്‍

പുത്തനാം കരങ്ങള്‍ വന്നെത്തുന്നൂ,കരം കെട്ടി
മര്‍ത്ത്യരിന്നുഴലുന്നൂ നിത്യവൃത്തിക്കായെന്നും
ഹസ്തിനപുരിതന്നില്‍ പത്തികളുയരുമ്പോള്‍
ഹൃത്തിലൊരപഭംഗം വന്നിടാന്‍ തരമെന്തേ

ഭാരതീയരേ,നിങ്ങള്‍ അര്‍ജ്ജുനന്മാരായ് തീവ്രം
പോരിനാലനീതിയേ തച്ചുടച്ചുയരുക
അര്‍ജ്ജുനന്മാരേ,കുരുക്ഷേത്രഭൂമിയില്‍ സിംഹ-
ഗര്‍ജ്ജനം മുഴക്കുക,ഗാണ്ഡീവമെടുക്കുക

വര്‍ഗ്ഗവും വര്‍ണ്ണങ്ങളും കക്ഷിരാഷ്ട്രീയം മത-
മൌലികവാദം പൂര്‍ണ്ണം വേര്‍തിരിച്ചെറിയുക
കോര്‍ക്കുക കൈകള്‍,നിങ്ങളൊന്നുചേര്‍ന്നൊന്നാണെന്ന-
തോര്‍ക്കുക,അനീതികള്‍ വേരറുത്തെറിയുക

ഉണരൂ പാര്‍ത്ഥന്മാരേ,ഉണര്‍ന്നൂ കുരുക്ഷേത്രം
തുണയായ് സ്ഥൈര്യത്തിന്റെ കൃഷ്ണനുണ്ടല്ലോ ഹൃത്തില്‍
വിജയം നിങ്ങള്‍ക്കുണ്ടാം,നിങ്ങളോ ധനുര്‍ദ്ധരര്‍
വിജയം കുരുക്ഷേത്രേ വിജയന്മാര്‍ക്കാണോര്‍ക്കൂ.

*********************************

Monday, April 30, 2012

കൊക്കരക്കോ..മിനികഥ)

കൊ..ക്ക..ര..ക്കോ


മടുത്തു..

ജസ്റ്റീസ് മേനോനു തീരെ മടുത്തു..

പെന്‍ഷന്‍ പറ്റിയിട്ടു ഏതാനും ആഴ്ചകളേ ആയിട്ടുള്ളു.വീട്ടില്‍ ഏകാന്തത
തന്നെ.അവ്യക്തമായ ഒരു അന്യഥാബോധം മനസ്സിനെ വല്ലാതെ
പിടികൂടിയിരിക്കുന്നു.തന്നെ ആരും കാര്യമായി
കണക്കാക്കുന്നില്ല.ഭാര്യയെങ്കിലും ഇപ്പോള്‍ ആശ്വാസമായി
വീട്ടിലുണ്ടായിരിക്കേണ്ടതാണു്.എന്നാല്‍ അവള്‍...വിമന്‍സ്
ക്ലബ്ബില്‍...കെന്നല്‍ ക്ലബ്ബില്‍..ഫാഷന്‍ ഷോയില്‍...അവള്‍ക്കും
മക്കള്‍ക്കും താന്‍ പഴഞ്ചനല്ലേ...മോഡേണ്‍ ഔട്ട് ലുക്കില്ലാത്ത അറുപഴഞ്ചന്‍.

കൊ..ക്ക..ര..ക്കോ..

മേനോന്‍ ഞെട്ടിപ്പോയി.മുറ്റം നിറയെ കോഴികള്‍...പിടക്കോഴികള്‍..കുഞ്ഞുങ്ങള്‍.അധികാരിയായി,നായകനായി തലയുയര്‍ത്തി പ്രാമാണ്യം സ്ഥാപിച്ചു പൂവന്‍.അവന്‍ തല ചെരിച്ചു  മേനോനെ പുച്ഛത്തില്‍നോക്കി.പിടക്കോഴിയും കുഞ്ഞുങ്ങളും ചുറ്റിനുമുണ്ടു്.പൂവന്‍ ചിറകടിച്ചു തന്റെ ആധിപത്യം ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു...കൊ..ക്ക..ര...ക്കോ..ആ ശബ്ദത്തില്‍
മേനോനൊരു സന്ദേശമുണ്ടായിരുന്നില്ലേ..
മേനോന്‍ പൂവനെ വീണ്ടും വീണ്ടും നോക്കി,അവന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചു.പെട്ടെന്നു അതു സംഭവിച്ചു....
മേനോന്റെ മുഖം ചുവന്നു.മുടി ഉയര്‍ന്നു വന്നു.മേനോന്‍ കസേരയില്‍ നിന്നും
ചാടി എഴുന്നേറ്റു.ക്ലബ്ബുകളില്‍നിന്നും തിരികെയെത്തിയ അമ്മയും മക്കളും ആ‍
കാഴ്ച കണ്ടു.
തിണ്ണയില്‍..മുന്നോട്ടാഞ്ഞു്..കഴുത്തു പുറകോട്ടു വലിച്ചു്..ജസ്റ്റീസ് മേനോന്‍..
ഉച്ചത്തില്‍..വീണ്ടും വീണ്ടും ഉച്ചത്തില്‍

“കൊ...ക്ക....ര....ക്കോ..,കൊ..ക്ക..ര..ക്കോ..””.
*****************************************************

Monday, January 10, 2011

കൈലാസത്തില്‍ കലഹം. (ഹാസ്യഭാവന)

കൈലാസപ്പെരുമാളുതന്റെ വിവരം ചോദിച്ചുപോന്നീടുവാന്‍
ഉല്ലാസത്തൊടു ചെന്നണഞ്ഞൊരു ദിനം കണ്ടൂ മഹാവല്ലഭന്‍
കൈലാസാധിപതിക്കു കോപമിയലും ഭാവം,പറഞ്ഞേനഹം
“മെല്ലേതെല്ലു തെളിഞ്ഞുചൊല്ലുക ഹരേ, കോപം വെടിഞ്ഞീടണേ

കഞ്ഞിയ്ക്കുപ്പു കുറഞ്ഞിതോ,ദിവസവും ബെഡ്ക്കോഫി കിട്ടാത്തതോ
ഗംഗപ്പെണ്ണു കയര്‍ത്തിതോ,മലമകള്‍ പിച്ചത്തരം പേശിയോ
കുഞ്ഞിക്കൊമ്പനിടഞ്ഞിതോ,അറുമുഖന്‍ ചെറ്റത്തരം കാച്ചിയോ
പങ്കപ്പാടിവിടിപ്പടിക്കു വരുവാനെന്തുണ്ടു കാര്യം ഹരേ?”

ഇത്ഥം കേട്ടു തെറിച്ചു മന്മഥഹരന്‍ ചൊല്ലീ”പറഞ്ഞീടെടോ,
ബദ്ധപ്പാടിവിടിത്തരത്തിലെവനും വന്നാലെതാകും ഗതി?
ക്രോധാവേശമടക്കി ഞാന്‍ പലദിനം വാഴുന്നുവെന്നാകിലും
ബോധം കെട്ടവരീകുരംഗമിഴിമാരൂര്‍ദ്ധന്‍ നമുക്കേകിടും

കൈലാസത്തിലുമാപതിക്കു സുഖമെന്നോതുന്ന മാലോകരീ -
മാലേറ്റീടുകിലന്നുതന്നെ വിടുമീ ഭൂലോകവാസം ദൃഢം
പിള്ളേര്‍ തന്നുടെ വാഹനങ്ങളിവിടേ കൂടും വഴക്കെപ്പൊഴും
കള്ളം ചൊല്ലുകയല്ല,ഈ മലയിലും കില്ലില്ല തെല്ലും സുഖം

ക്ഷൌരക്കരനൊരിക്കലും സമയമായെത്തില്ല,എന്നാലിനി
ക്ഷൌരംവേണ്ട വളര്‍ത്തിടാം ജടയിതും,മറ്റെന്തുചെയ്യേണ്ടു ഞാന്‍?
നേരേ നെറ്റിയിലൊന്നു പൊട്ടിടുവതിന്നൊന്നും ലഭിക്കാ,ശരി,
ചാരം തന്നെ നമുക്കു ഭൂഷണമുടമ്പാകേ ധരിയ്ക്കാമിനി

ഇല്ലാ സോപ്പു,മലക്കുകാരമിവയീ കൈലാസനാട്ടില്‍ തരി-
ക്കില്ലാ കൃത്യതയായലക്കുകഴുവിന്നിന്നെന്തു ചെയ്യേണ്ടു ഞാന്‍?
മല്ലാക്ഷീമണി ശൈലജൊക്കൊരുവിധം പൊല്ലാപ്പു വേണ്ടാ ശരി,
മല്ലും വേണ്ട,നമുക്കു തോലു മതിയേ,എന്നും ധരിയ്ക്കാനിനി

പണ്ടേതന്നെയെനിക്കുക്കൊരിറ്റു സുഖമില്ലൊന്നാംതരം മെത്തയില്‍
മുണ്ടുംമൂടി ശയിച്ചിടാന്‍, അതു മഹാമണ്ടത്തമല്ലേ സഖേ?
തണ്ടെന്‍ ഹൃത്തിലൊരിക്കലും കടുകിടെക്കാണില്ലതാണേ സ്ഥിരം
മണ്ടുന്നൂ നിശതന്നിലാ ചുടലയില്‍ നന്നായുറങ്ങീടുവാന്‍

കുഞ്ചന്‍ പണ്ടു പറഞ്ഞതാ ദ്വയമതോ ദാരങ്ങളെന്നാകിലോ
പഞ്ചര്‍ നമ്മുടെ ജീവിതം മനമതില്‍ കാണേണമെല്ലാവരും
തഞ്ചക്കേടിവര്‍ കൂവിടുന്നതുമെതും കേട്ടാല്‍ സഹിക്കില്ലെടോ
പഞ്ചായത്തിലെ സൈറണാണതിസുഖം നല്‍കുന്നതെന്നാളുമേ“

ഇവ കേട്ടു നമിച്ചു ചൊല്ലിനേന്‍
“ഭഗവാനല്പം അയഞ്ഞിടേണമേ
കളവാണികളെന്നുമെപ്പൊഴും
വിവരക്കേടിനു പാത്രമല്ലയോ?

ത്രിപുരാന്തകനെതു ചെയ്യിലും
അവധാനപ്പിഴയൊട്ടുമേ വരാ
അളിവേണികളോടു ബുദ്ധിമാന്‍
ഞെളിയാതല്പമിണങ്ങിടേണ്ടയോ?

അതിനാലവരെന്തുചെയ്കിലും
ശരിയാണെന്നു പറഞ്ഞിടേണമേ
അതിനാലൊരു ദോഷവും വരാ
ശരിയായെന്നുടെ വാക്കു കേള്‍ക്കണേ“

ഇത്ഥമെന്‍ വചനമൊട്ടുകേള്‍ക്കയാല്‍
ക്രുദ്ധഭാവമുടനേ കളഞ്ഞവന്‍
ബദ്ധമോദമൊടു ഞാനുമക്ഷണാല്‍
ശ്രദ്ധയോടെ വിടകൊണ്ടു സത്വരം.
..............ശുഭം...................

Tuesday, September 28, 2010

സ്മരണകള്‍

സ്മരണകള്‍
സ്മൃതിതന്‍‌ ജാലകവാതില്‍ തുറന്നൂ
സ്മരണകള്‍ വീണ്ടുമുണര്‍ന്നൂ
ഈ കുളിരലകളിലൊഴുകിവരുന്നൂ
വീണുമയങ്ങിയ സ്വപ്നങ്ങള്‍
വര്‍ണ്ണമനോഹരനിമിഷങ്ങള്‍ (.....)

തൊടിയിലെ മാവിന്‍ ചില്ലയിലൂഞ്ഞാല്‍
പടിയിലൊരോണംതുടികൊട്ടീ
തൃക്കാര്‍ത്തികയും തിരുവാതിരയും
തിരി നീട്ടുന്നൂ ഹൃദയത്തില്‍
നിറവായ് നിനവില്‍‌ പടരുന്നൂ
അതിലൊരു സുഖലയമുയരുന്നൂ(.....)


ഈ പുഴയരുകില്‍ ,കല്‍‌പടവുകളില്‍
ബാല്യത്തിന്‍ കാല്‍‌പാടുകളും
കളിചിരിയുതിരും മണിമുത്തുകളും
ഒലിയായ് ,ഒളിയായ് ചിതറുമ്പോള്‍
വീണ്ടും വരുമോ ഇനിയൊരു ബാല്യം
ഹൃദയവിപഞ്ചിക തേങ്ങുന്നൂ
വിഷാദരാഗമുയര്‍ത്തുന്നൂ (.....)
*****************************************
ഇഷ്ടം
ഇഷ്ടമെന്നെന്നോടു നീ ചൊല്ലിയില്ല,പക്ഷേ
നിന്‍ മിഴികളതെന്നോടു ചൊല്ലീ
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം
ഇഷ്ടമാണായിരം വട്ടം,നിന്നോടിഷ്ടമാണായിരം വട്ടം (.....)

നീയെന്റെ ജീവനെന്നാരും മൊഴിഞ്ഞില്ല,പക്ഷേ
നിന്‍ മന്ദഹാസവും നിന്‍ മോഹഭാവവും
മന്ദമായെന്നോടു ചൊല്ലീ
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം
നീയെന്റെ സര്‍വ്വം,നീയെനിക്കുസ്വന്തം(.....)

ജീവിതവീഥിയില്‍ കൈകോര്‍ത്തു നാമിനി
പോകുമെന്നെന്നോടാരു ചൊല്ലീ
നിന്മൃദുസ്മേരത്തിലൂറും വികാരങ്ങള്‍
മൌനമായെന്നോടു ചൊല്ലീ
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം
നീയെന്റെ സ്വര്‍ഗ്ഗം,നീയെനിക്കു സ്വന്തം.
**************************************************
ബാല്യസ്മരണകള്‍
താളത്തില്‍കൊട്ടുംകൊട്ടി
മേളത്തില്‍ തുള്ളിത്തുള്ളി
കൂട്ടരെ നാടന്‍പാട്ടുകള്‍ പാടീടാം
വരുകെല്ലാരും
കുത്തിമറിഞ്ഞു നടക്കാം,കളിയാടാം (.....)

ആ മല ഈ മല കേറിയിറങ്ങാം
അലറിവിളിക്കാം ആടി രസിക്കാം
അതിലൂടൊഴുകും പുഴയില്‍ ചാടാം
നീന്തിനടക്കാം നീട്ടിക്കൂവാം
വന്നീടെല്ലാരും
ചാടിത്തുള്ളീടെല്ലാരും (.....)

അപ്പൂപ്പന്‍താടി പെറുക്കാം
ഊതിയുയര്‍ത്താം പുറകേയോടാം
ഉടനടിയിടയിലൊരമ്പതുവട്ടം
കൊമ്പത്തേറാം കമ്പില്‍ മറിയാം
വന്നീടെല്ലാരും
ഇമ്പംകൂടാമെമ്പാടും.(.....)

തപ്പും തകിലും കൊട്ടി നടക്കാം
ഇപ്പംവന്നാലൊപ്പം കൂടാം
വക്കാണത്തിനു നിക്കാതൊക്കാം
വെക്കം വന്നാലൊക്കെക്കാണാം
വന്നീടെല്ലാരും
തക്കം പാര്‍ക്കാമാര്‍ത്താടാം (.....)
**************************************
കാലം മാറിമറിഞ്ഞൂ കോലം കെട്ടിനടന്നൂ
മോഹം കരളില്‍ നിറഞ്ഞൂ കടലുകടന്നു പറന്നൂ
അക്കരയിക്കരെയങ്ങനെയിങ്ങനെ
ഒഴുകിനടന്നവരൊന്നിച്ചൂ
ഓര്‍മ്മച്ചെപ്പുതുറക്കാമിനിയും
പാടാം,പാടാം അടിപൊളിഗാനം
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം

കരകാണാക്കടലിന്നക്കരെ
കനവുകള്‍ തേടിപ്പോകുമ്പോള്‍
പലപല നാടും കണ്ടൂ നാം,പലപലവേഷം കെട്ടീനാം
പാഠം പലതുപഠിച്ചൂ നാം,പാടിപ്പറന്നുനടന്നു നാം
മയങ്ങിവീണൊരുസ്വപ്നങ്ങള്‍ ,മറന്നു നമ്മള്‍ പാടുന്നൂ
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം

പണ്ടത്തേപാട്ടും പദവും
മണ്ടച്ചാരേ പാടട ആടട
പാടാന്‍ വേണ്ടൊരുകാര്യം പറയട,തടയാനിവിടില്ലാരും കരുതട
പടിപടിയായ് അടിയടിയായ്,നീട്ടിപ്പാടട ആടട മടയാ
ഉടനടിപാടട,വെടിയതുപറയട,മടിയതുകളയട,ഇതുപടിപാടട
ജീവിതമൊരുമലര്‍വാടി,ആനന്ദം നമ്മള്‍ തേടി
മധുരോത്സവഗാനം പാടാം,സ്വയം മറക്കാമാടാം.
*****************************************************************
ഏകാന്തത
ഈ മണ്‍‌ചെരാതില്‍ നെയ്ത്തിരികൊളുത്തീടുമോ
ഈറന്‍ നിലാപ്പൂക്കളേ
ഇതള്‍ വീണുവാടുമീ കരളിലേ നൊമ്പരം
ഇനിയൊന്നു പാടിയുറക്കൂ
ഈ സന്ധ്യയില്‍ നീ മയക്കൂ (.....)

ഇരുള്‍ വീണ വീഥിയാണിന്നെന്‍ മനം
ഇടനെഞ്ചുപൊട്ടുന്ന വ്യഥതന്‍ വനം
വിധിതന്റ വിളയാട്ടിലെന്‍ ജീവിതം
വിധുരമായലയുന്നു,വിടചൊല്ലുവാന്‍
വിമൂകമായലയുന്നു,വിടചൊല്ലുവാന്‍ (.....)

പടികടന്നപ്പോള്‍ തിരിഞ്ഞു നോക്കാന്‍
മടിയായി,നിന്‍ കടക്കണ്ണിലൂറും
മിഴിനെരിലൊഴുകുന്ന വേദനയില്‍
വിടചൊല്ലിടാന്‍ നാം മടിച്ചുനിന്നൂ
ഇടതൂര്‍ന്നശോകം മറച്ചു നിന്നൂ(.....)

ഇവിടെ നിന്നോര്‍മ്മകള്‍ ശലഭങ്ങളായ്
ഇടറിപ്പറക്കയാണിന്നുമെന്നും
വിരഹത്തീജ്വാലയില്‍ മോഹമെല്ലാം
ഒരു പാഴ്‌ക്കിനാവായ് കരിഞ്ഞിടുന്നൂ
ചുടുനെടുവീര്‍പ്പില്‍ തളര്‍ന്നിടുന്നൂ.
********************************************************
കദനത്തിന്‍ സാഗരത്തിരകളിലുലയുന്നു
കരകാണാതുഴറുന്നു ജീവിതങ്ങള്‍
അകലെയെന്‍ ജീവിതസഖിതന്റെ മിഴികളില്‍
ദാഹങ്ങള്‍ കണ്ണുനീരായ് (.....)

ദുഃഖത്തിന്‍ പാഴ്മരുഭൂമിയില്‍ വീണുപോയ്
ഈ ശപ്തജന്മവും സ്വപ്നങ്ങളും
എത്രയോ നാളുകള്‍ ഈ വിരഹത്തിന്റെ
തപ്തനിശ്വാസം വിതുമ്പി നിന്നു (.....)

ഇടറുന്ന കരളില്‍ വിഷാദഭാരം
ഇടതിങ്ങി മോഹങ്ങള്‍ മങ്ങിടുമ്പോള്‍
അഭിശപ്തജന്മമായലയുന്നു ഞാനെന്റെ
കദനത്തിന്‍ തോണി തുഴഞ്ഞിടുന്നു
കരയറിയാതേ വലഞ്ഞിടുന്നു.-
*********************************************